ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം; വിദർശ കെ വിനോദിന് രണ്ടാം വെള്ളി മെഡൽ

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലും അത്‌ലറ്റിക്സിലും ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ ടീം ഇനത്തിൽ മലയാളി താരം വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി എന്നിവരടങ്ങിയ ഇന്ത്യൻ സഖ്യം വെള്ളി മെഡൽ സ്വന്തമാക്കി. കടുത്ത പോരാട്ടം നടന്ന ഫൈനലിൽ ആകെ 1,763 പോയിന്റുകൾ നേടിയാണ് ഇന്ത്യൻ ടീം രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

 

1,773 പോയിന്റോടെ ഗെയിംസ് റെക്കോർഡ് സമനിലയിലാക്കിയ ചൈന സ്വർണം നേടിയപ്പോൾ, 1,754 പോയിന്റോടെ കസാഖിസ്ഥാൻ വെങ്കലം നേടി. മിന്നുന്ന പ്രകടനത്തോടെ മലയാളി താരമായ വിദർശ വിനോദും തിലോത്തമ സെന്നും വ്യക്തിഗത വിഭാഗം ഫൈനലിലേക്കും യോഗ്യത നേടിയിട്ടുണ്ട്. നേരത്തെ വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിലും വിദർശ വെള്ളി മെഡൽ നേടിയിരുന്നു. ഇതിനുപുറമെ, പുരുഷന്മാരുടെ മാരത്തൺ ഫൈനലിൽ സാവൻ ബർവാൾ ഇന്ത്യക്കായി വെള്ളി മെഡൽ നേടി ചരിത്രം കുറിച്ചു.

 

2:11:37 മണിക്കൂറിൽ വ്യക്തിഗത മികച്ച സമയം കുറിച്ചാണ് സാവന്റെ ഈ നേട്ടം. ഏഷ്യൻ ഗെയിംസ് മാരത്തണിൽ 44 വർഷത്തെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ മെഡൽ സ്വന്തമാക്കുന്നത്. 1982-ന് ശേഷം ആദ്യമായാണ് ഇന്ത്യ പുരുഷ മാരത്തണിൽ മെഡൽ നേടുന്നത്. ആർച്ചറി ഇനങ്ങളുടെ മത്സരങ്ങളും പുരോഗമിക്കുന്നതിനിടയിൽ, ഇന്നത്തെ രണ്ട് വെള്ളി മെഡലുകൾ കൂടി കൂട്ടിച്ചേർത്തതോടെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 25 ആയി ഉയർന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!