ഫ്ലൈദുബായ് വിഷയത്തിൽ അന്വേഷണം പ്രഖ്യാപിച്ച് യുഎഇ ; ഭീകരാക്രമണ സാധ്യതയും ഗൂഢാലോചനയും പരിശോധിക്കും

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് എഫ്.സി 1073 വിമാനത്തിൽ സഹപൈലറ്റ് ക്യാപ്റ്റനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സംഭവത്തിൽ യു.എ.ഇ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പ്രഖ്യാപിച്ചു. അറ്റോർണി ജനറൽ ഹമദ് അൽ ഷംസിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടപടികൾ ആരംഭിച്ചു. സംഭവം ഭീകരാക്രമണ ശ്രമമാണോ എന്നും ഇതിന് പിന്നിൽ മുൻകൂട്ടി തയ്യാറാക്കിയ ഗൂഢാലോചനയോ മറ്റു നിർദ്ദേശങ്ങളോ ഉണ്ടോ എന്നും അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കും.

 

യു.എ.ഇ രജിസ്ട്രേഷനിലുള്ള വിമാനമായതിനാൽ രാജ്യത്തിന് പുറത്തുവെച്ച് നടക്കുന്ന കുറ്റകൃത്യങ്ങളിലും നിയമനടപടി സ്വീകരിക്കാൻ യു.എ.ഇ അധികൃതർക്ക് പൂർണ്ണ അവകാശമുണ്ട്. ഒമാൻ സ്വദേശിയായ പ്രതിയെ നിലവിൽ സൗദി അറേബ്യൻ സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക അന്വേഷണത്തിന് ശേഷം പ്രതിയെ തുടർനടപടികൾക്കായി യു.എ.ഇക്ക് കൈമാറുമെന്നാണ് വിവരം.

 

ഇന്ത്യക്കാരനായ ക്യാപ്റ്റൻ സ്മിത് മച്ചാറും മറ്റ് യാത്രക്കാരും ചേർന്ന് അക്രമിയെ കീഴടക്കിയതിനെ തുടർന്ന് വിമാനം സൗദിയിലെ തബൂക്ക് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. അടിയന്തര സാഹചര്യത്തിൽ മികച്ച പിന്തുണ നൽകിയ സൗദി അധികൃതർക്ക് യു.എ.ഇ വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. അന്വേഷണം പുരോഗമിക്കുന്നതിനാൽ നിരുത്തരവാദപരമായ പ്രചാരണങ്ങളിൽ നിന്നും ഊഹാപോഹങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!