വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്‌മിത് മച്ഛാറിന് ശൈഖ് ഹംദാന്റെ സ്നേഹ ചുംബനം ആശുപത്രിയിൽ നേരിട്ടെത്തി അഭിനന്ദിച്ച് ദുബൈ കിരീടാവകാശി

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ഉണ്ടായ വൻ സുരക്ഷാ ഭീഷണിയെ തുടർന്ന് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നേരിട്ടെത്തി സന്ദർശിച്ചു.

 

അബുദാബിയിലെ ആശുപത്രിയിൽ കഴിയുന്ന സ്മിതിന്റെ ആരോഗ്യസ്ഥിതി ആരായുകയും അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനത്തെയും അസാമാന്യ മനക്കരുത്തിനെയും ഷെയ്ഖ് ഹംദാൻ നേരിട്ട് പ്രശംസിക്കുകയും ചെയ്തു. ആയിരക്കണക്കിന് അടി ഉയരത്തിൽ വെച്ച് 174 യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും ജീവൻ രക്ഷിക്കാൻ സ്മിത് കാണിച്ച സമചിത്തതയും സമാനതകളില്ലാത്ത ധീരതയും യുഎഇയുടെ ഭരണനേതൃത്വവും ജനങ്ങളും ഏറെ ആദരവോടെയാണ് കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

 

കോക്പിറ്റിൽ വെച്ച് സഹപൈലറ്റിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ ഗുരുതരമായി കുത്തേറ്റ പരിക്കുകൾ നേരിട്ടിട്ടും കോക്പിറ്റ് വാതിൽ തുറന്ന് നൽകി യാത്രക്കാരുടെയും ജീവനക്കാരുടെയും സഹായത്തോടെ അക്രമിയെ കീഴടക്കാൻ സ്മിതിന് കഴിഞ്ഞിരുന്നു. ഈ ദാരുണ സംഭവത്തിൽ നിന്ന് വലിയൊരു ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞത് ക്യാപ്റ്റൻ സ്മിതിന്റെയും അദ്ദേഹത്തെ സഹായിച്ച ജീവനക്കാരുടെയും ധീരമായ ഇടപെടൽ മൂലമാണെന്ന് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റിയും വ്യക്തമാക്കിയിരുന്നു. വിമാനം സൗദി അറേബ്യയിലെ തബൂക്കിൽ അടിയന്തരമായി നിലത്തിറക്കിയ ശേഷം അദ്ദേഹത്തിന് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ അബുദാബിയിലേക്ക് മാറ്റുകയായിരുന്നു.

സ്മിതിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ കണ്ട ഷെയ്ഖ് ഹംദാൻ, യുഎഇ ഭരണകൂടത്തിന്റെ പൂർണ്ണ പിന്തുണയും സഹായങ്ങളും വാഗ്ദാനം ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉൾപ്പെടെയുള്ള ആഗോള നേതാക്കളും സ്മിതിനെ നേരത്തെ തന്നെ വീരനായകനായി വാഴ്ത്തിയിരുന്നു. അതീവ ഗുരുതരമായ സാഹചര്യത്തിലും സ്വന്തം ജീവൻ പോലും പണയം വെച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച സ്മിത് മച്ചാർ ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയ്ക്ക് വലിയൊരു അഭിമാനവും പ്രചോദനവുമാണെന്ന് ഷെയ്ഖ് ഹംദാൻ തന്റെ സന്ദർശന വേളയിൽ വീണ്ടും ഓർമ്മിപ്പിച്ചു


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!