യുപിഐ ഫീസ് തീരുമാനം നീട്ടിയേക്കും; ജനുവരി ഒന്നിലേക്ക് മാറ്റാൻ ആലോചന

ന്യൂ ഡൽഹി :യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനം നീട്ടിവയ്ക്കാൻ സാധ്യത. ഒക്ടോബർ 15ന് നിലവില്‍ വരാനിരുന്ന മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (MDR) ജനുവരി ഒന്നിലേക്ക് നീട്ടാനാണ് ആലോചന.അന്തിമ തീരുമാനം അടുത്ത ദിവസങ്ങളില്‍ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.

 

ഉത്സവകാലത്ത് യുപിഐ ഇടപാടുകള്‍ക്ക് അധിക ചാർജ് ഏർപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ദസറ, ദീപാവലി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള ഉത്സവ സീസണ്‍ കഴിയുന്നതുവരെ തീരുമാനം നീട്ടിവയ്ക്കുന്നതാണ് പരിഗണിക്കുന്നത്. വ്യാപാരികള്‍ക്ക് അധിക ചെലവ് ഉണ്ടാകുമെന്ന ആശങ്കയാണ് പ്രധാനമായും ഉയർന്നത്.

 

നിലവിലെ നിർദേശപ്രകാരം 2,000 രൂപയ്ക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകള്‍ക്ക് 0.4 ശതമാനം MDR ആണ് ഏർപ്പെടുത്തുക. വ്യക്തിയില്‍ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകള്‍ക്ക് ഫീസ് ഉണ്ടാകില്ല. 2,000 രൂപ വരെയുള്ള വ്യാപാരി ഇടപാടുകളും ചെറുകിട വ്യാപാരികള്‍ക്ക് ബാധകമായ ഇളവുകളും തുടരും. ഏകദേശം 96 ശതമാനം വ്യാപാരി ഇടപാടുകളും ഫീസില്‍നിന്ന് ഒഴിവാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

 

അതേസമയം, ഉത്സവ സീസണില്‍ ഫീസ് ഏർപ്പെടുത്തുന്നതിനെതിരെ വ്യാപാര മേഖലയില്‍നിന്ന് എതിർപ്പ് ഉയർന്നിട്ടുണ്ട്. യുപിഐ ചാർജ് സംബന്ധിച്ച്‌ ബിജെപിക്കുള്ളിലും അതൃപ്തിയുണ്ടെന്നാണ് സൂചന. അന്തിമ തീരുമാനം ദേശീയ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (NPCI) നേതൃത്വത്തിലുള്ള സംവിധാനത്തില്‍ ഉണ്ടാകാനാണ് സാധ്യത.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!