നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: വയനാട് സ്വദേശിനി ഉൾപ്പെടെ മൂന്നുപേർ മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് സെഷൻസ് കോടതിയിൽ

കൊച്ചി : നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാറിടിച്ച് വയനാട് കൽപ്പറ്റ സ്വദേശിനിയടക്കം മൂന്ന് യുവാക്കൾ ദാരുണമായി മരിച്ച കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒന്നാം പ്രതി സുഹൈൽ ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ പൂർണ്ണമായും തള്ളിയിരുന്നു.

 

കേസിലെ അന്വേഷണം നിർണ്ണായകമായ പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ഇപ്പോൾ ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാനും ശാസ്ത്രീയ തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയിൽ ജാമ്യത്തെ ശക്തമായി എതിർക്കും . അപകടസമയത്ത് വാഹനം മണിക്കൂറിൽ 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു പാഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അമിതവേഗതയും അപകടത്തിന്റെ ആഘാതവും മുൻനിർത്തി ജാമ്യം നൽകരുതെന്നാണ് പോലീസിന്റെയും പ്രോസിക്യൂഷന്റെയും കർശന നിലപാട്.

 

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ചായക്കടയിൽ നിന്ന് മടങ്ങുകയായിരുന്ന കൽപ്പറ്റ സ്വദേശിനി ദേവിക, ദക്ഷിണ കന്നഡ സുള്ള്യ സ്വദേശി ഇയ്യാസ്, പാലക്കാട് മണ്ണാർക്കാട് സ്വദേശിനി ഗോപിക എന്നിവർ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ പ്രതികളുടെ ആഡംബര കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു . ഇടിയുടെ ആഘാതത്തിൽ മൂവരും സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഒന്നാം പ്രതി സുഹൈലിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കാമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുന്ന വാദം.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!