കൽപ്പറ്റ: കഴിഞ്ഞ വർഷത്തെ ഭീകരമായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയ വയനാട്ടിലെ ചൂരല്‍മല പാലത്തിനു പകരം അത്യാധുനിക സൗകര്യങ്ങളോടെയുള്ള പുതിയ ഹൈടെക് പാലം വരുന്നു. പാലത്തിന്‍റെ ഔദ്യോഗിക നിര്‍മ്മാണ പ്രവർത്തനങ്ങൾ പ്രദേശത്ത് ആരംഭിച്ചു. ആകെ 34 കോടി രൂപ ചെലവില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയാണ് (ULCCS) ഈ ബ്രഹ്മാണ്ഡ പാലം നിര്‍മ്മിക്കുന്നത്.
ദുരന്തത്തിന് ശേഷം സൈന്യം താത്കാലികമായി നിർമിച്ച ബെയ്‍ലി പാലത്തിന് (Bailey Bridge) തികച്ചും സമാന്തരമായാണ് പുതിയ ഹൈടെക് പാലം യാഥാർത്ഥ്യമാകുന്നത്. ആധുനിക രീതിയിലുള്ള ഗര്‍ഡറുകള്‍ പരസ്പരം ചേര്‍ത്തുള്ള ബോസ്ട്രിങ് (Bowstring) മാതൃകയിലാണ് പാലത്തിന്റെ നിർമ്മാണം വിഭാവനം ചെയ്തിട്ടുള്ളത്.
പുന്നപ്പുഴയുടെ മുകളിൽ 107 മീറ്ററും, ഇരു കരകളിലുമായി 80 മീറ്ററും നീളം ഈ പാലത്തിനുണ്ടാകും. പുഴയിൽ വെള്ളം ഉയരുമ്പോൾ തടസ്സമുണ്ടാകാതിരിക്കാൻ ആവശ്യത്തിന് ഉയരം കൂട്ടിയാണ് പാലം നിർമ്മിക്കുന്നത്, ഇതിനായാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിതുവരുന്നത്. പ്രത്യേകം ശ്രദ്ധേയമായ കാര്യം, പുഴയിലേക്ക് നേരിട്ട് തൂണുകൾ ഇല്ലാത്ത രീതിയിലാണ് ഇതിന്റെ എഞ്ചിനീയറിംഗ് രൂപകൽപ്പന. ദുരന്ത കാലത്ത് പുന്നപ്പുഴയിലുണ്ടായ പരമാവധി ഉയർന്ന ജലനിരപ്പ് ശാസ്ത്രീയമായി തിട്ടപ്പെടുത്തി, അതിനെക്കാളും ഉയരത്തിലാണ് പാലം പണിയുന്നത്. ഭാവിയിൽ ഇനിയൊരു അപകടമുണ്ടായാൽ പോലും അതിനെയെല്ലാം പൂർണ്ണമായും അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലാണ് ഇതിന്റെ നിർമ്മാണം.
നിലവിൽ ചൂരല്‍മല ടൗണില്‍ പാലത്തിന്‍റെ പൈലിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിൽ അട്ടമല – മുണ്ടക്കൈ റോഡുകൾ കൂടിച്ചേരുന്ന ഭാഗത്താണ് ഈ പുതിയ പാലം അവസാനിക്കുക. സമയബന്ധിതമായി പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിലും, പാലത്തിന്റെ സങ്കീർണ്ണമായ പണികൾക്കായി നാല് വർഷം വരെ സമയമെടുക്കാനാണ് സാധ്യത
