ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെ ഹൃദയഭാഗത്ത്; ഫിലിപ്പീൻസ് സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ആസിയാൻ രാജ്യങ്ങളുമായുള്ള ബന്ധം ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ്’ നയത്തിന്റെയും ഇന്തോ-പസഫിക് കാഴ്ചപ്പാടിന്റെയും ഹൃദയഭാഗത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫിലിപ്പീൻസിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന് പുറപ്പെടുന്നതിന് മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് ആർ. മാർക്കോസ് ജൂനിയറിന്റെ ക്ഷണപ്രകാരം നവംബർ 16, 17 തീയതികളിൽ മനിലയിൽ നടക്കുന്ന 23-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും 21-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിയിലും (ഇ.എ.എസ്) പ്രധാനമന്ത്രി പങ്കെടുക്കും. ഇന്തോ-പസഫിക് മേഖലയിൽ ആസിയാന്റെ കേന്ദ്രസ്ഥാനത്തിന് (ASEAN Centrality) ഇന്ത്യ എപ്പോഴും വലിയ പ്രാധാന്യമാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

2026-നെ ‘ആസിയാൻ-ഇന്ത്യ സമുദ്ര സഹകരണ വർഷമായി’ ആചരിക്കുന്ന പശ്ചാത്തലത്തിൽ ഈ ഉച്ചകോടിക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ പുരോഗതിയും 2026-2030 കാലയളവിലേക്കുള്ള കർമ്മപദ്ധതിയുടെ നടത്തിപ്പും നേതാക്കൾ ഉച്ചകോടിയിൽ അവലോകനം ചെയ്യും. ഇതിനുപുറമെ സമുദ്രസുരക്ഷ, വ്യാപാരം, ഡിജിറ്റൽ സാങ്കേതികവിദ്യ, സാംസ്കാരിക വിനിമയം എന്നീ മേഖലകളിൽ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള തീരുമാനങ്ങളും ഉണ്ടാകും. ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാറിന്റെ (AITIGA) പുനരവലോകനം വേഗത്തിലാക്കുന്നതും ഉച്ചകോടിയിൽ പ്രധാന ചർച്ചാവിഷയമാകും.

 

കിഴക്കൻ ഏഷ്യ ഉച്ചകോടിയിൽ മേഖലയുടെ സമാധാനത്തെയും സുസ്ഥിരതയെയും ബാധിക്കുന്ന നിർണ്ണായക വിഷയങ്ങൾ ലോകനേതാക്കളുമായി ചർച്ച ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടികൾക്ക് പുറമെ ഫിലിപ്പീൻസ് പ്രസിഡന്റ് മാർക്കോസ് ജൂനിയറുമായും മറ്റ് ലോകനേതാക്കളുമായും പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും. കഴിഞ്ഞ വർഷം ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള ബന്ധം തന്ത്രപ്രധാന പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് പിന്നാലെ നടക്കുന്ന ഈ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-സാമ്പത്തിക സഹകരണത്തിന് പുതിയ കരുത്തേകുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!