ഓണ്‍ലൈൻ തട്ടിപ്പ്: 40,430 രൂപ നല്‍കി വാങ്ങിയ ഫോണിന് പകരം വടകര സ്വദേശിക്ക് ആമസോണ്‍ വഴി നല്‍കിയത് പഴയ ഡമ്മി ഫോണ്‍

ഓണ്‍ലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോണ്‍ വഴി അരലക്ഷത്തോളം രൂപ വിലവരുന്ന സ്മാർട്ട്ഫോണ്‍ ഓർഡർ ചെയ്ത ഉപഭോക്താവിന് ലഭിച്ചത് പഴകിയ ഡമ്മി ഫോണ്‍. വടകര പുത്തൻപീടികയില്‍ എം.ആർ. ഹരികൃഷ്ണനാണ് ഓണ്‍ലൈൻ തട്ടിപ്പിനിരയായത്. ആമസോണിന്റെ വടകരയിലുള്ള വെയർഹൗസില്‍ നേരിട്ടെത്തി, ജീവനക്കാരുടെ സാന്നിധ്യത്തില്‍ പാർസല്‍ തുറന്നുനോക്കിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

 

കഴിഞ്ഞ മാസം 31-നാണ് ഹരികൃഷ്ണൻ ‘ഓപ്പോ റെനോ 16സി’ (Oppo Reno 16C) എന്ന സ്മാർട്ട്ഫോണ്‍ ഓർഡർ ചെയ്തത്. തന്റെ പഴയ ഫോണായ ‘വണ്‍പ്ലസ് നോർഡ് സി.ഇ3 5ജി’ എക്സ്ചേഞ്ച് ചെയ്ത ശേഷം 40,430 രൂപയാണ് പുതിയ ഫോണിനായി ഇദ്ദേഹം നല്‍കിയത്. ഡെലിവറി സമയത്ത് വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ഫോണ്‍ കൈപ്പറ്റാനായി ഹരികൃഷ്ണൻ നേരിട്ട് വടകരയിലെ ആമസോണ്‍ വെയർഹൗസില്‍ എത്തുകയായിരുന്നു.

 

വെയർഹൗസില്‍ വെച്ച്‌ എക്സ്ചേഞ്ച് നടപടികള്‍ പൂർത്തിയാക്കി പഴയ ഫോണ്‍ കൈമാറിയ ശേഷം, സിം കാർഡ് ഇടുന്നതിനായി ജീവനക്കാരുടെ മുന്നില്‍ വെച്ച്‌ തന്നെ പുതിയ ഫോണിന്റെ ബോക്സ് തുറന്നു. എന്നാല്‍, ഓപ്പോ ഫോണിന് പകരം വിവോയുടെ പഴയൊരു ഡമ്മി ഫോണാണ് പാക്കറ്റിലുണ്ടായിരുന്നത്. ജീവനക്കാരുടെ സാന്നിധ്യത്തില്‍ വെച്ച്‌ തന്നെ പാക്കറ്റ് പൊട്ടിച്ചതിനാല്‍ തട്ടിപ്പ് ഉടനടി അവർക്കും ബോധ്യമായി. തുടർന്ന് വെയർഹൗസ് ജീവനക്കാർ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും കസ്റ്റമർ കെയറില്‍ പരാതി രജിസ്റ്റർ ചെയ്യുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും വെയർഹൗസിലുണ്ട്.

 

എക്സ്ചേഞ്ച് ചെയ്ത പഴയ ഫോണ്‍ തിരികെ നല്‍കാനാകില്ലെന്നായിരുന്നു ജീവനക്കാരുടെ ആദ്യ നിലപാട്. എന്നാല്‍ ഹരികൃഷ്ണന്റെ പ്രതിഷേധത്തെത്തുടർന്ന് താല്‍ക്കാലിക ആവശ്യത്തിനായി പഴയ ഫോണ്‍ കുറച്ചു ദിവസത്തേക്ക് തിരികെ നല്‍കി.

 

സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പരാതി നല്‍കിയിട്ടും ആമസോണിന്റെ ഭാഗത്തുനിന്ന് ഇതുവരെ അനുകൂല നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് ഹരികൃഷ്ണൻ പറയുന്നു. കമ്പനി അധികൃതർക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിട്ടും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ നാഷണല്‍ കണ്‍സ്യൂമർ ഹെല്‍പ്പ് ലൈനിലും കേരള പൊലിസിന്റെ ‘തുണ’ പോർട്ടലിലും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്. നീതി ലഭിക്കുന്നതിനായി ‘ഇ-ജാഗ്രതി’ പോർട്ടല്‍ വഴി ഉപഭോക്തൃ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹരികൃഷ്ണൻ.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!