ചെന്നൈ: ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് ജയം. ചെന്നൈ, എം എ ചിദംബരം സ്റ്റേഡിയത്തിൽ 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥയേൽ 18.1 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തിൽ ലക്ഷ്യം മറികടന്നു. 48 പന്തിൽ 67 റൺസുമായി പുറത്താവാതെ നിന്ന ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. കാർത്തിക് ശർമ (40 പന്തിൽ പുറത്താവാതെ 54) റുതുരാജിന് നിർണായക പിന്തുണ നൽകി. ജയത്തോടെ ചെന്നൈ പോയിൻ്റ് പട്ടികിൽ ആറാം സ്ഥാനത്തേക്ക് കയറി. ഒമ്പത് മത്സരങ്ങളിൽ എട്ട് പോയിന്റാണ് ചെന്നൈക്കുള്ളത്. മുംബൈ നാല് പോയിൻ്റമായി ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈക്ക് രണ്ടാം ഓവറിൽ തന്നെ സഞ്ജു സാംസണിന്റെ (11) വിക്കറ്റ് നഷ്ടമായി. ജസ്പ്രിത് ബുമ്രയുടെ പന്തിൽ വിക്കറ്റ് കീപ്പർ റയാൻ റിക്കിൾട്ടണ് ക്യാച്ച് നൽകിയാണ് സഞ്ജു മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ ഉർവിൽ പട്ടേൽ 12 പന്തിൽ 24 റൺസ് നേടി ആത്മവിശ്വാസത്തോടെ തുടങ്ങിയെങ്കിലും അധികനേരം മുന്നോട്ട് പോയില്ല. ഗസൻഫാറിന്റെ പന്തിൽ ബൗൾഡാവുകയായിരുന്നു താരം. റുതുരാജിനൊപ്പം 49 റൺസ് ചേർക്കാൻ ഉർവിലിന് സാധിച്ചിരുന്നു.


