കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന സാന്ത്വന മിത്രം പദ്ധതി ജില്ലാ തല ഉദ്ഘാടനം സുൽത്താൻ ബത്തേരി നഗരസഭ ഹാളിൽ നിർവഹിച്ചു.രോഗികളുടെ ഒറ്റപ്പെടലും, പരിചരണത്തിനുള്ള ബുദ്ധിമുട്ടും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തുടനീളം സാന്ത്വന മിത്രം പദ്ധതി ആരോഗ്യ വകുപ്പിൻ്റെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്നു.
കുടുംബശ്രീ വിജ്ഞാന കേരളം തൊഴിൽ ക്യാമ്പയിൻ്റെ രണ്ടാം ഘട്ടമായിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ജീവിതശൈലി രോഗ പരിശോധന, രോഗി പരിചരണം, വയോജന പരിപാലനം, ആശുപത്രികളിൽ കൂട്ടിരുപ്പ്, ഭിന്നശേഷി കുട്ടികളുടെ പരിപാലനം, പ്രസവാനന്തര ശുശ്രൂഷ എന്നീ സേവനങ്ങൾ പദ്ധതിയിലൂടെ ഉറപ്പാക്കും.പാലിയേറ്റീവ് രംഗത്ത് താൽപര്യവും അഭിരുചിയുമുള്ള അയൽക്കൂട്ട, ഓക്സിലറി അംഗങ്ങളെ ഇതിനായി നിയോഗിച്ച് രോഗി പരിചരണം മികവുറ്റതാക്കാൻ ആരോഗ്യവകുപ്പിൻ്റെ മേൽനോട്ടത്തിലുള്ള പരിശീലനം നൽകി.
പത്ത് ദിവസത്തെ പരിശീലനം പൂർത്തിയാക്കിയ 96 പേർക്കുള്ള യൂണിഫോം വിതരണം ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആൻസി മേരി ജേക്കബ് നിർവഹിച്ചു. ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ പാലിയേറ്റീവ് നോഡൽ ഓഫീസർ ഡോ. കെ.ആർ. ദീപ കോൾ സെൻറർ നമ്പർ പ്രകാശനം ചെയ്തു.
കുടുംബശ്രീ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷൻ അസി. കോർഡിനേറ്റർ കെ.എം. സെലീന, വി. കെ. റജീന, കെ.കെ. അമീൻ, സിഡിഎസ് ചെയർപേഴ്സൺ ആർ. രാജലക്ഷ്മി, ആർ.ആർ. പ്രസന്ന കുമാരി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ശ്രുതി രാജൻ, പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ പി. സ്മിത തുടങ്ങിയവർ സംസാരിച്ചു. ഡോ. മൂപ്പൻസ് ഹോസ്പിറ്റൽ പാലിയേറ്റീവ് ട്രെയിനർ പ്രവീൺ കുമാർ സെമിനാർ എടുത്തു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി. ഹുദൈഫ് നന്ദി അറിയിച്ചു



