പിണറായി വിജയൻ രാജിവെച്ചു; രാജി കൈമാറിയത് പ്രത്യേക ദൂതൻ വഴി, കാവൽ മുഖ്യമന്ത്രിയായി തുടരും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെച്ചു. നിലവിൽ കണ്ണൂരിലെ വസതിയിലുള്ള മുഖ്യമന്ത്രി, തിരുവനന്തപുരത്തേക്ക് എത്താതെ പ്രത്യേക ദൂതൻ വഴിയാണ് രാജിക്കത്ത് രാജ്‌ഭവനിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ച ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, പുതിയ സർക്കാർ അധികാരമേൽക്കുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. നാളെ മാത്രമേ രാജി സമർപ്പിക്കൂ എന്ന് പാർട്ടി വൃത്തങ്ങൾ നേരത്തെ സൂചിപ്പിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി ഇന്ന് തന്നെ മുഖ്യമന്ത്രി സ്ഥാനമൊഴിയാൻ തീരുമാനിക്കുകയായിരുന്നു.

 

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പിണറായി വിജയൻ മാധ്യമങ്ങളെ കാണാനോ പ്രതികരിക്കാനോ തയ്യാറായിട്ടില്ല. കണ്ണൂരിലെ വീട്ടിൽ തുടരുന്ന അദ്ദേഹം പാർട്ടി നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് വിവരം. ചരിത്രപരമായ ഭരണത്തുടർച്ചയും ഹാട്രിക് വിജയവും പ്രതീക്ഷിച്ചിരുന്ന എൽഡിഎഫിന് കേരളത്തിലുടനീളം നേരിട്ട കനത്ത പരാജയമാണ് അതിവേഗത്തിലുള്ള ഈ രാജിയിലേക്ക് നയിച്ചത്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

 

പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ യുഡിഎഫ് ക്യാമ്പിൽ സജീവമായിരിക്കെയാണ് മുഖ്യമന്ത്രിയുടെ രാജി. വരും ദിവസങ്ങളിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയും സെക്രട്ടേറിയറ്റും ചേർന്ന് പരാജയത്തിന്റെ്റെ കാരണങ്ങൾ വിശദമായി പരിശോധിക്കും. മുഖ്യമന്ത്രിയുടെ രാജി ഔദ്യോഗികമായി അംഗീകരിച്ചതോടെ കേരളത്തിൽ ഇനി പുതിയ ഭരണകർത്താക്കൾ അധികാരമേൽക്കുന്നതിനായുള്ള കാത്തിരിപ്പാണ്. ഗവർണർ പുതിയ സർക്കാരിനെ ക്ഷണിക്കുന്നതോടെ സത്യപ്രതിജ്ഞയുൾപ്പെടെയുള്ള നടപടിക്രമങ്ങളിലേക്ക് രാജ്യം നീങ്ങും.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *