കോഴിക്കോട്: കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതിനിടെ പാമ്പ് കടിയേറ്റ യുവാവ് കടിച്ച പാമ്പിനെയും പിടികൂടി ആശുപത്രിയിലെത്തി. താമരശ്ശേരി കൂടത്തായിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശി ബാലാജി(38) ആണ് ഈ സാഹസികത കാണിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പണി എടുത്തുകൊണ്ടിരിക്കെ ബാലാജിയുടെ വലതുകാലിൽ പാമ്പ് കടിക്കുകയായിരുന്നു. ഉടൻ തന്നെ ഇയാൾ പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് കവറിലാക്കി. തുടർന്ന് പാമ്പുമായി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തി. കടിയേറ്റത് ഏത് ഇനം പാമ്പാണെന്ന് തിരിച്ചറിയാൻ ഇത് ഡോക്ടർമാരെ സഹായിച്ചു. താമരശ്ശേരിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ബാലാജിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കടിച്ച പാമ്പിനെയും കവറിലാക്കി ആശുപത്രിയിലെത്തി യുവാവ്

