സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി വിപണികൾ സജീവം. ഓൺലൈൻ വിപണിയുടെ കാലഘട്ടത്തിൽ നേരിട്ടു സാധനങ്ങൾ വാങ്ങാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും വിപണിയെ പരമാവധി ആകർഷണീയമാക്കിയിരിക്കുകയാണ് വ്യാപാരികൾ. പുത്തൻ കുടയും ബാഗും ബുക്കുകളും വിപണികളിൽ ആവശ്യത്തിനു സ്റ്റോക്കുണ്ട്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ വിവിധ വർണങ്ങളിലാണ് ഇവ നിർമിച്ചിട്ടുള്ളത്. തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നിരിക്കേ വിപണിയിലേക്ക് തിരക്ക് ഏറിയിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ്സ് മാർക്കറ്റിൽ സ്കൂളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും വിലക്കുറവിൽ ലഭ്യമാണ്.

കുട, നോട്ട്ബുക്കുകൾ, പെൻസിൽ ബോക്സ്, വാട്ടർ ബോട്ടിൽ, മറ്റ് സ്റ്റേഷനറി ഉത്പന്നങ്ങൾ എന്നിവയെല്ലാം പ്രത്യേക സ്കൂൾ വിപണികളിൽ ലഭ്യമാണ്. ത്രിവേണി എന്ന ബ്രാൻഡിലുള്ളകൺസ്യൂമർ ഫെഡ് നോട്ടുബുക്കുകൾക്കും ആവശ്യക്കാർ ഏറെയാണ്. മറ്റ് ബ്രാൻഡഡ് ഉത്പന്നങ്ങൾ പത്ത് മുതൽ മുപ്പത് ശതമാനം വരെ വിലക്കുറവിലും ലഭിക്കും. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായ എല്ലാ സാധനങ്ങളും ഒറ്റ കുടക്കീഴിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.

മാർവൽ സൂപ്പർ ഹീറോസ് മുതൽ ഡിസ്നി കഥാപാത്രങ്ങൾ വരെ ബാഗുകളിൽ ഇടംപിടിച്ചിട്ടുണ്ട്. സ്കൂൾ ബാഗുകളുടെ ആകർഷണീയതയിലാണ് കുട്ടികൾ പ്രലോഭിതരാകുന്നതെന്ന് വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ് കന്പനികളുടെ ഉത്പന്നങ്ങളേക്കാൾ ബാർബി,സ്പൈഡർമാൻ, അവഞ്ചേഴ്സ് എന്നിവ പതിപ്പിച്ച ബാഗുകൾക്കും ലഞ്ച് ബോക്സുകൾക്കും ആവശ്യക്കാരേറെ എത്തുന്നുണ്ട്. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി വാട്ടർപ്രൂഫ് സംവിധാനമുള്ളതും, ലാപ്ടോപ്പ്, ടാബ്ലെറ്റ് സൂക്ഷിക്കാവുന്ന ബാഗുകളും വിപണിയിലുണ്ട്.

ഒപ്പം, വെള്ളം ചൂടോടെയും തണുപ്പോടെയും സൂക്ഷിക്കാൻ കഴിയുന്ന സ്റ്റീൽ ഫ്ലാസ്കുകൾക്കാണ് പ്ലാസ്റ്റിക് കുപ്പികളേക്കാൾ പ്രിയം. 250 രൂപ മുതല്‍ വിലയുള്ള ബാഗുകളും 250 രൂപ മുതല്‍ തുടങ്ങുന്ന കുടകളും വിപണിയിലുണ്ട്. പേജുകളുടെ എണ്ണമനുസരിച്ച് നോട്ടുബുക്കുകൾക്ക് 20 രൂപ മുതൽ 80 രൂപ വരെയാണ് വില. പുസ്തകങ്ങൾ പൊതിയുന്ന ബ്രൗൺഷീറ്റ് ഒരു റോളിന് 30 രൂപ മുതലും വാട്ടർപ്രൂഫ്ബ്രൗൺഷീറ്റിന് 80 രൂപയോളവും വിലവരും. എല്ലാ മേഖലയിലുമുള്ളവിലവർധന സ്കൂൾ വിപണിയെയും ബാധിച്ചിട്ടുണ്ട്. പേപ്പറിനു വിപണിയിൽ വിലവർധിച്ചതിനാൽ നോട്ടുബുക്കുകർക്ക് അൽപം വില കൂടിയിട്ടുണ്ട്.

