മലപ്പുറം: ലണ്ടനിൽ കെട്ടിടത്തിന് മുകളിൽ കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി മലയാളി യുവാവ്. മലപ്പുറം ചങ്ങരംകുളം സ്വദശി ജസീൽ ആണ് കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. തൊട്ടടുത്തുള്ള ഫ്ലാറ്റിൽനിന്ന് ശബ്ദം കേട്ട് നോക്കിയപ്പോഴാണ് ഫ്ലാറ്റിന് പുറത്ത് കുട്ടി തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. ഉടൻതന്നെ ഓടിയെത്തിയ ജസീൽ താഴേക്ക് വഴുതിവീണ കുട്ടിയെ പിടിക്കുകയായിരുന്നു. താൻ താമസിക്കുന്ന സ്ഥലത്തുനിന്ന് ആറ് ഫ്ലാറ്റിനപ്പുറത്തായിരുന്നു സംഭവമെന്ന് ജസീൽ പറഞ്ഞു.
ജോലിക്ക് പോകാനായി വസ്ത്രം മാറുന്നതിനിടെ ശബ്ദം കേട്ട് ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോഴാണ് കെട്ടിടത്തിൽ തൂങ്ങിപ്പിടിച്ച നിലയിൽ കുഞ്ഞിനെ കണ്ടതെന്ന് ജസീൻ പറഞ്ഞു. പിന്നെ ഒന്നും നോക്കിയല്ല. അങ്ങോട്ട് ഓടി. അവിടെ എത്തിയപ്പോൾ ഒരു പൊലീസുകാരനും കൂടെ വന്നുവെന്ന് ജസീൽ പറഞ്ഞു.
രണ്ടാംനിലയിലായിരുന്നു കുട്ടി തൂങ്ങിപ്പിടിച്ചു നിന്നത്. കടുത്ത ചൂട് കാരണം പൊലീസുകാരന് കുഞ്ഞിനെ പിടിക്കാൻ കഴിയാതെ വന്നു. ഇതിനിടെ, കുട്ടി വഴുതി താഴേക്ക് വീഴുകയും താൻ പിടിക്കുകയുമായിരുന്നു, പിടിച്ചില്ലായിരുന്നെങ്കിൽ കുഞ്ഞ് പുറത്തേക്ക് വീണുപോയേനെ. ദൈവം സഹായിച്ചു മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടായില്ലെന്നും ജസീൽ വ്യക്തമാക്കി

