കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. പാലക്കാട് മണ്ണാർക്കാട് സ്വദേശിനിയായ വിദ്യാർത്ഥിനിയെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്.
ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥിനി, ഡോക്ടറെ കാണാൻ പോകുന്നു എന്ന് സഹപാഠികളോട് പറഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. എന്നാൽ പിന്നീട് ഹോസ്റ്റലിലേക്ക് തിരിച്ചെത്തിയില്ല. ഇതിനെത്തുടർന്ന് ബന്ധപ്പെട്ടവർ മെഡിക്കൽ കോളേജ് പോലീസിൽ പരാതിനൽകുകയായിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിദ്യാർത്ഥിനി കടുത്ത പരീക്ഷാ സമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപാഠികൾ മൊഴി നൽകി. വിവരമറിഞ്ഞയുടൻ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ, വിദ്യാർത്ഥിനി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായും കണ്ണൂർ ഭാഗത്തേക്കുള്ള ട്രെയിനിൽ കയറിയതായും സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. വിദ്യാർത്ഥിനിയെ കണ്ടെത്താനായി റെയിൽവേ പോലീസ് ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെ അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്

