കൊൽക്കത്ത: മുൻ ലോക ചാംപ്യന്മാരായ ബ്രസീൽ ഇന്ത്യയിൽ സൗഹൃദ മൽസരം കളിക്കാനെത്തുന്നുവെന്ന് റിപ്പോർട്ട്. മൂന്ന് മൽസരങ്ങൾ കളിക്കാനാണ് ബ്രസീൽ പദ്ധതിയിടുന്നതെന്നാണ് ഇഎസ്പിഎൻ ബ്രസീൽ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. എന്നാൽ ഇതിലൊരു മൽസരമായിരിക്കും കൊൽക്കത്തയിലെ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കുക.ഇതിൽ മറ്റു രണ്ടു മൽസരങ്ങളും ഓസ്ട്രേലിയക്കെതിരേയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 25ന് ടൗൺസ്വില്ലിലും സെപ്റ്റംബർ 29ന് ബ്രിസ്ബെയിനുലുമാണ് ഈ മൽസരങ്ങൾ നടക്കുന്നത്.
ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷനും ഇന്ത്യൻ സംഘാടകരും ഇതു സംബന്ധിച്ച ചർച്ചകൾ നടത്തിവരുകയാണെന്നും കരാറിലെ ചില നിബന്ധകൾ മാത്രമാണ് ഇനി പൂർത്തിയാകാനുള്ളതെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.എന്നാൽ മൂന്നാമത്തെ സൗഹൃദ മൽസരത്തിൽ ബ്രസീലിന്റെ എതിരാളികൾ ആരായിരിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ലോകകപ്പിലടക്കം ഇന്ത്യൻആരാധകരിൽ നിന്നും ലഭിച്ച വമ്പിച്ച പിന്തുണയാണ് ബ്രസീൽ ഇന്ത്യയിൽ കളിക്കാനെത്തുന്നതിന്റെ പ്രധാന കാരണമെന്നാണ് വിവരം.
