വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം
കോഴിക്കോട്: സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടിൽ മഴ മാറി നിൽക്കുകയാണ്. താമരശ്ശേരി ചുരത്തിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം തുടരുന്നുണ്ട്. കോഴിക്കോട് മഴ ശമിച്ചെങ്കിലും നഗരം വെള്ളക്കെട്ടിലാണ്. തീരദേശത്തും മലയോര മേഖലയിലും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
മഴക്കെടുതിയുടെ സർക്കാർ കണക്ക് പ്രകാരം സംസ്ഥാനത്ത് 273 ക്യാമ്പുകളിലായി 7674 പേരെ ആണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടയിൽ ആണ് ഏറ്റവും കൂടുതൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. പത്തനംതിട്ടയിൽ- 75, കോട്ടയത്ത് 64, കോഴിക്കോട് 36 ക്യാമ്പുകൾ പ്രവർത്തിക്കുന്നു. ഇന്നലെ വൈകീട്ട് വരെ സർക്കാർ കണക്കിൽ മഴക്കെടുതികളിൽ മരിച്ചവരുടെ എണ്ണം 11 ആണ്. ഇതുവരെ 30 വീടുകൾ പൂർണമായും 293 വീടുകൾ ഭാഗികമായും തകർന്നു.
അതേസമയം മഴക്കെടുതിയില്‍ നാലു പേര്‍ കൂടി മരിച്ചതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 12 ആയി. കണ്ണൂര്‍ കൂത്തുപറമ്പില്‍ തോട്ടിന്‍കരയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൈതേരി ഇടത്തില്‍ രാരിഷ്, കാപ്പാട് വെള്ളക്കെട്ടില്‍ വീണ് ചികിത്സയിലിരിക്കെ മരിച്ച രണ്ടു വയസ്സുകാരന്‍ മാസിന്‍, തിരുവനന്തപുരത്തുനിന്നു കാണാതായി മൃതദേഹം കണ്ടെത്തിയ മത്സ്യത്തൊഴിലാളികളായ ഫ്രീമോന്‍, ആന്റണി എന്നിവരാണ് ഇന്നലെ മരിച്ചത്. കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ കടലില്‍ കാണാതായ ആറു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. മഴമൂലം 27 വീടുകള്‍ പൂര്‍ണ്ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.
കനത്ത മഴമൂലം 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെയും ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍, കുട്ടനാട് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. പത്തനംതിട്ട ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മലയോര മേഖലയില്‍ ജാഗ്രത അനൗണ്‍സ്മെന്റ് നടത്തി. കക്കട്ടാറിന്റെയും പമ്പയാറിന്റെയും തീരത്തു മിന്നല്‍ പ്രളയ മുന്നറിയിപ്പ് നല്‍കി. നിറപുത്തരിക്കായി ശബരിമല നട തുറന്നെങ്കിലും ശബരിമല തീര്‍ത്ഥാടകരെ പമ്പയിലേക്ക് കടത്തിവിടുന്നില്ല. കോഴിക്കോട്ട് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നു. മണ്ണിടിച്ചിലിനു സാധ്യതയുള്ള ദേശീയപാത 85-ല്‍ നേര്യമംഗലം മുതല്‍ അടിമാലി വരെ ഗതാഗതം നിരോധിച്ചു.
