വയനാട്ടിലെ ഊരുകളിലെ വൈദ്യുതി പ്രതിസന്ധി, കെ.എസ്.ഇ.ബി നേരിടുന്ന വിവിധ വിഷയങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രിയങ്ക ഗാന്ധി എം.പിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ വിവിധ യോഗങ്ങൾ ചേർന്നു.
ഊരുകളിലെ വൈദ്യുതി വിതരണം കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കുന്നതിനും കേടുപാടുകൾ സംഭവിച്ച വയറിങ്ങുകളും മീറ്ററുകളും മാറ്റി പുനരുദ്ധരിക്കുന്നതിനും ആവശ്യമായ നടപടികൾ വേഗത്തിലാക്കാൻ എം.പി. നിർദ്ദേശിച്ചു. തദ്ദേശ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി, ട്രൈബൽ വകുപ്പ് എന്നിവ ഏകോപിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും യോഗത്തിൽ ചർച്ച ചെയ്തു.
ചൂരൽമല–മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട വൈദ്യുതി അടിസ്ഥാന സൗകര്യ വികസനം, സബ്‌സ്റ്റേഷൻ വികസനം, ആർ.ഡി.എസ്.എസ് പദ്ധതികൾ, സ്മാർട്ട് മീറ്റർ പദ്ധതി എന്നിവയുടെ പുരോഗതിയും വിലയിരുത്തി. മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് വനം വകുപ്പ് നടപ്പാക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളും യോഗത്തിൽ അവലോകനം ചെയ്തു. സൗരോർജ വേലികൾ, ഹാംഗിങ് ഫെൻസുകൾ, കിടങ്ങുകൾ, സെൻസർ–എ.ഐ ക്യാമറ നിരീക്ഷണം, അലാറം സംവിധാനങ്ങൾ, റാപ്പിഡ് റെസ്പോൺസ് ടീം, റേഡിയോ കോളറിംഗ് തുടങ്ങിയ സംവിധാനങ്ങളുടെ പ്രവർത്തന പുരോഗതിയും വിലയിരുത്തി.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുമായി വിവിധ വകുപ്പുകളുടെ ഏകോപനം ശക്തമാക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യോഗത്തിൽ നിർദ്ദേശങ്ങൾ നൽകി.
