കോഴിക്കോട്: സ്വര്‍ണാഭരണം വാങ്ങിയ ശേഷം പണം അയച്ചെന്നു വ്യക്തമാക്കുന്ന വ്യാജ സ്ക്രീന്‍ ഷോട്ട് കാണിച്ച് തട്ടിപ്പ് നടത്തുന്ന യുവാവ് പൊലീസ് പിടിയിലായി. രാമനാട്ടുകര കിസ്മത്ത് ജ്വല്ലറിയില്‍ നിന്ന് 1.2 ഗ്രാം തൂക്കം വരുന്ന ബ്രേസ്ലെറ്റ് വാങ്ങി പണം അയച്ചതായി തെറ്റിദ്ധരിപ്പിച്ചു മുങ്ങിയ കോഴിക്കോട് നന്മണ്ട സ്വദേശി സബിത്ത് (29) ആണ് ഫറോക്ക് പൊലീസിന്റെ പിടിയിലായത്.
സിറ്റി പൊലീസ് കമ്മിഷണര്‍ എ.പി.ഷൗക്കത്തലിയുടെ പ്രത്യേക മേല്‍നോട്ടത്തില്‍ ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണര്‍ എ. പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള ഫറോക്ക് സ്ക്വാഡും ബേപ്പൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേര്‍ന്ന സംയുക്ത സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയില്‍ സംസ്ഥാനത്തുടനീളം ഇയാള്‍ നിരവധി വ്യാജ യുപിഐ പെയ്മെന്റ് തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. ഓരോ തട്ടിപ്പിനു ശേഷവും കോഴിക്കോട്, ഇടുക്കി എന്നിവിടങ്ങളില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതിയുടെ പതിവെന്ന് പൊലീസ് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതില്‍ അഞ്ചിലധികം കേസുകളില്‍ തെളിവ് ലഭിച്ചിട്ടുണ്ട്.
പ്രതി സഞ്ചരിച്ച സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫറോക്ക് സബ് ഇന്‍സ്പെക്ടര്‍ മിഥുന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളെ റിമാന്‍ഡ് ചെയ്തു.
