ന്യൂ ഡെൽഹി:ആകാശും ബ്രഹ്മോസും തരംഗമാകുന്നു, പ്രതിരോധ കയറ്റുമതിയിൽ ചരിത്ര മുന്നേറ്റവുമായി ഇന്ത്യ. ചെറുകിട ആയുധങ്ങളിൽ നിന്നും അനുബന്ധ ഉപകരണങ്ങളിൽ നിന്നും മാറി അത്യാധുനിക മിസൈൽ സംവിധാനങ്ങളിലൂടെ അന്താരാഷ്ട്ര പ്രതിരോധ വിപണിയിൽ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. ഇന്ത്യയുടെ തദ്ദേശീയ മിസൈലുകളായ ബ്രഹ്മോസിന്റെയും ആകാശിന്റെയും തരംഗമാണ് വിദേശ വിപണിയിൽ പ്രകടമാകുന്നത്. ബ്രഹ്മോസ് മിസൈലുകളുടെ മാത്രം കയറ്റുമതി 600 മില്യൺ യു.എസ് ഡോളർ (ഏകദേശം 5000 കോടി രൂപ) കടക്കുമെന്ന് കേന്ദ്ര പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് വ്യക്താമാക്കി.
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളായ ഫിലിപ്പീൻസ്, ഇന്തോനേഷ്യ, വിയറ്റ്നാം എന്നിവരുമായുള്ള കരാറുകളാണ് ഈ നേട്ടത്തിന് പിന്നിൽ. ഇതിൽ ഫിലിപ്പീൻസിലേക്കുള്ള 330 മില്യൺ ഡോളറിന്റെ വിതരണം പൂർത്തിയായി കഴിഞ്ഞു. സുഖോയ് വിമാനങ്ങളിൽ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസിന്റെ എയർ-ലോഞ്ച്ഡ് പതിപ്പും വിദേശ രാജ്യങ്ങൾക്ക് വലിയ തോതിൽ പ്രിയങ്കരമാകുന്നുണ്ട്.
അതേസമയം, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനമായ ‘ആകാശ്’ മിസൈൽ തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയുടെ ഉത്തമ ഉദാഹരണമായി ഉയർന്നുവന്നിട്ടുണ്ട്. മുൻപ് റഷ്യൻ ആയുധങ്ങളെ മാത്രം ആശ്രയിച്ചിരുന്ന അർമേനിയ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയുടെ ആകാശ് മിസൈൽ സ്വന്തമാക്കി കഴിഞ്ഞു. സുഖോയ് പോർവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവയെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ആകാശിന്റെ ഉൽപ്പാദനം ഇപ്പോൾ സ്ഥിരത കൈവരിച്ചിട്ടുണ്ട്. 1983-ൽ ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ നേതൃത്വത്തിൽ വികസിപ്പിക്കാൻ തുടങ്ങിയ ആകാശ് പദ്ധതി, പതിറ്റാണ്ടുകൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ലോകോത്തര നിലവാരത്തിലുള്ള വിപണന ഉൽപ്പന്നമായി മാറിയത്.
2025-26 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ആകെ പ്രതിരോധ കയറ്റുമതി 38,424 കോടി രൂപയെന്ന ചരിത്ര റെക്കോർഡിലെത്തി. മുൻവർഷത്തെ അപേക്ഷിച്ച് 62.66 ശതമാനത്തിന്റെ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയും ഒരുപോലെ പങ്കാളികളായ ഈ മുന്നേറ്റത്തിലൂടെ എൺപതിലധികം രാജ്യങ്ങളിലേക്ക് ‘മേഡ് ഇൻ ഇന്ത്യ’ ആയുധങ്ങൾ എത്തുന്നുണ്ട്. കുറഞ്ഞ നിർമ്മാണച്ചെലവും മികച്ച പ്രകടനക്ഷമതയും വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ മിസൈലുകൾ, വരും വർഷങ്ങളിൽ രാജ്യത്തിന്റെ പ്രതിരോധ കയറ്റുമതി 50,000 കോടി രൂപയിലേക്ക് എത്തിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.
