കളമശ്ശേരിയിൽ തൊഴിൽ വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ രാസലഹരി നൽകി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ പ്രതികൾക്കെതിരെ ഞെട്ടിക്കുന്ന മൊഴി നൽകി അതിജീവിത. കേസിൽ അറസ്റ്റിലായ ‘അമ്മു’ എന്ന ശരണ്യ ഉൾപ്പെടെയുള്ള പ്രതികൾ തനിക്കെതിരെ അതിക്രൂരമായ ലൈംഗിക പീഡനമാണ് നടത്തിയതെന്ന് യുവതി പോലീസിന് മൊഴി നൽകി. കൂടെയൊരു സ്ത്രീയുണ്ടെന്ന വിശ്വാസത്തിലും ധൈര്യത്തിലുമാണ് അവിടേക്ക് പോയതെന്നും, എന്നാൽ ആ സ്ത്രീതന്നെയാണ് തന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നും അതിജീവിത വെളിപ്പെടുത്തി.
അറസ്റ്റിലായ നാല് പ്രതികളായ ശ്രീരാജ്, ജിത്തു മാർട്ടിൻ, ശരണ്യ, സഞ്ജു എന്നിവരെയും അതിജീവിത തിരിച്ചറിഞ്ഞിട്ടുണ്ട്. ജോലി അഭിമുഖത്തിനെന്ന വ്യാജേന ലോഡ്ജിലെത്തിച്ച ശേഷം ഐസ്ക്രീമിലും പാനീയങ്ങളിലും മയക്കുമരുന്ന് കലർത്തി നൽകിയാണ് പ്രതികൾ കൃത്യം നടത്തിയത്. ആറുമാസം മുൻപ് കളമശ്ശേരിയിലെ ലൈസൻസില്ലാത്ത സ്പായിൽ ജോലിക്ക് എത്തിയ ശരണ്യയും സഞ്ജുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇവർക്ക് ലഹരി-സെക്സ് റാക്കറ്റുകളുമായുള്ള കണ്ണികളെക്കുറിച്ചും പോലീസ് അന്വേഷണം വിപുലമാക്കിയിട്ടുണ്ട്.
വയനാട് പുൽപ്പള്ളിയിലെ ഹോട്ടലിൽ നിന്ന് പിടിയിലായ ശരണ്യയെയും സഞ്ജുവിനെയും കൂടാതെ, സ്പാ ഉടമയായ ഒന്നാം പ്രതി ശ്രീരാജ്, മൂന്നാം പ്രതി ജിത്തു മാർട്ടിൻ എന്നിവർ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. പീഡനത്തിന് ശേഷം വലിയ ശാരീരിക-മാനസിക ആഘാതത്തിലായ യുവതി ചികിത്സയിൽ തുടരുകയാണ്. സ്പായുടെ മറവിൽ നടന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചും, പ്രതികൾക്ക് രാസലഹരി എത്തിച്ചുനൽകിയ ഗുണ്ടാ സംഘങ്ങളെക്കുറിച്ചും കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു
