മഹാരാഷ്ട്ര : മഹാരാഷ്ട്രയിലെ നാസിക്കില്‍ കാർ കിണറ്റില്‍ വീണ് 6 കുട്ടികള്‍ ഉള്‍പ്പെടെ 9 പേർക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രി പത്തോടെ ദിൻഡോറി ശിവാജി നഗർ പ്രദേശത്താണ് അപകടം നടന്നത്.ഡിൻഡോരി താലൂക്കിലെ ഇൻഡോർ ഗ്രാമത്തില്‍ നിന്നുള്ള ഡാർഗുഡെ കുടുംബത്തിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

സുനില്‍ ദത്തു ദർഗുഡെ (32), ഭാര്യ രേഷ്മ, ആശ അനില്‍ ദർഗുഡെ (32), കുടുംബത്തിലെ ഏഴ് മുതല്‍ 14 വയസ്സ് വരെ പ്രായമുള്ള അഞ്ച് പെണ്‍കുട്ടികള്‍, 11 വയസ്സുള്ള ഒരു ആണ്‍കുട്ടി എന്നിവരാണ് മരിച്ചതെന്നും പൊലീസ് വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ ഡിൻഡോറിയിലെ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അപകടകാരണം കണ്ടെത്താൻ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങിയ കുടുംബത്തിലെ അംഗങ്ങള്‍ സഞ്ചരിച്ച കാർ ചടങ്ങ് നടന്ന സ്ഥലത്തിന് അടുത്തുള്ള കിണറിലേക്ക് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ സ്ഥലത്തെത്തിയ ലോക്കല്‍ പൊലീസും രക്ഷാ പ്രവർത്തകരും അർദ്ധരാത്രിയോടെ രണ്ട് ക്രെയിനുകളുടെയും നീന്തല്‍ക്കാരുടെയും സഹായത്തോടെ കാറും അതിലുണ്ടായിരുന്നവരെയും പുറത്തെടുത്തു.



