സിംഗപ്പൂർ: ഇറാൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഊർജ്ജ പ്രതിസന്ധി ഏഷ്യൻ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതായി റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങൾ. യുദ്ധം മൂലമുണ്ടായ വിലക്കയറ്റത്തിൽ നിന്നും ഇന്ധനക്ഷാമത്തിൽ നിന്നും തങ്ങളുടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ ബദൽ മാർഗങ്ങൾ തേടുകയാണ് എല്ലാവരും. ഊർജ്ജ പ്രതിസന്ധിയെത്തുടർന്ന് ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് മേഖലയിലെ രാജ്യങ്ങളുടെ 2026-ലെ വളർച്ചാ നിരക്ക് 5.1 ശതമാനത്തിൽ നിന്ന് 4.7 ശതമാനമായി കുറച്ചു. പണപ്പെരുപ്പം 5.2 ശതമാനമായി ഉയരുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു
ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ വീണ്ടും ആക്രമണം തുടങ്ങിയത് കനത്ത തിരിച്ചടിയാണ്. കടലിടുക്ക് യുദ്ധത്തിൻ്റെ തുടക്കത്തിൽ ഇറാൻ ഭാഗികമായി അടച്ച ഘട്ടത്തിൽ തന്നെ ഏഷ്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ 30 ശതമാനത്തോളം കുറവുണ്ടായിരുന്നു. 2015-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ് ഏഷ്യൻ രാജ്യങ്ങളിൽ ഇപ്പോഴത്തെ എണ്ണ ഇറക്കുമതിയുള്ളത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളായ പാകിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവയാണ് പ്രതിസന്ധി ഏറ്റവും ബാധിക്കപ്പെട്ട രാജ്യങ്ങൾ. എണ്ണയ്ക്കായി ഖത്തറിനെ അധികമായി ആശ്രയിച്ചിരുന്ന പാകിസ്ഥാന് ഇപ്പോൾ പകരം സംവിധാനത്തിനായി അധികം പണം ചെലവഴിക്കേണ്ട സ്ഥിതിയിലാണ്. ഇന്തോനേഷ്യ റഷ്യയിൽ നിന്ന് 150 ദശലക്ഷം ബാരൽ എണ്ണ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. അമേരിക്കയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർദ്ധിപ്പിച്ചാണ് ജപ്പാൻ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കുന്നത്. എന്നാൽ ഷിപ്പിംഗ് ചെലവ് വർദ്ധിക്കുന്നത് തിരിച്ചടിയാകുന്നുണ്ട്. ഇന്ത്യയും റഷ്യയെ ആശ്രയിച്ച് മുന്നോട്ടുപോകാനുള്ള ശ്രമത്തിലാണ്. യുദ്ധം തുടങ്ങിയ ഫെബ്രുവരി മുതൽ ഫിലിപ്പൈൻ പെസോ 5 ശതമാനവും, തായ് ഭട്ട്, ഇന്ത്യൻ രൂപ എന്നിവ 3 ശതമാനത്തിലധികവും മൂല്യത്തകർച്ച നേരിട്ടിട്ടുണ്ട്. യുദ്ധം നീളുന്നത് മേഖലയുടെ സാമ്പത്തിക ഭദ്രതയെ തകിടം മറിക്കുമെന്ന ആശങ്കയിലാണ് വിദഗ്ധർ


