മാനന്തവാടി: ഇരുപത്തിരണ്ടാമത് വയനാട് ജില്ലാ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് 2026 മെയ് 9 ശനിയാഴ് നടക്കും. പയ്യമ്പള്ളി സെൻ്റ് കാതറിൻസ് എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് മത്സരങ്ങൾ അരങ്ങേറുന്നത്. ശനിയാഴ്‌ച രാവിലെ 8 മണിക്ക് ചാമ്പ്യൻഷിപ്പ് ആരംഭിക്കും.
ജില്ലയിലെ വിവിധ കളരികളിൽ നിന്നുള്ള നിരവധി പ്രതിഭകൾ തങ്ങളുടെ പ്രാവീണ്യം തെളിയിക്കാൻ ഈ വേദിയിലെത്തും. മത്സരങ്ങൾക്ക് ശേഷം സമാപന സമ്മേളനവും തുടർന്ന് വർണ്ണാഭമായ കളരിപ്പയറ്റ് പ്രദർശനവും ഉണ്ടായിരിക്കും. പയ്യംപള്ളി മലബാർ കളരിസംഘമുൾപ്പെടെയുള്ള 15 ലധികം കളരിസംഘങ്ങളുടെ നേതൃത്വത്തിലാണ് ഈ കായിക മാമാങ്കം സംഘടിപ്പിക്കുന്നത്. കളരിപ്പയറ്റ് എന്ന കേരളത്തിന്റെ തനത് ആയോധനകലയെ പ്രോത്സാഹിപ്പിക്കുന്നതിനും വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച അവസരങ്ങൾ ഒരുക്കുന്നതിനുമായാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. ഈ മത്സരങ്ങൾ കാണുവാനും ആസ്വദിക്കുവാനും എല്ലാ കായിക പ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

