പ്രിയദർശിനി സൗജന്യ യാത്രയ്ക്കിടയിലും കണക്ക് കൂട്ടലുകൾ തെറ്റിച്ച് കെ.എസ്.ആർ.ടി.സി കലക്ഷനിൽ വൻ വർധന. സ്ത്രീകൾക്ക് സൗജന്യ യാത്ര ഏർപ്പെടുത്തിയ ആദ്യ ദിവസമായ തിങ്കളാഴ്ച പത്തനാപുരം ഡിപ്പോയിൽ 12,37,726 രൂപ കലക്ഷൻ നേടാനായി. സാധാരണ തിങ്കളാഴ്ച ദിവസങ്ങളിലേതിനേക്കാൾ വർധനയാണ് ഇക്കുറി.
ഡിപ്പോയിൽനിന്ന് ഓപറേറ്റ് ചെയ്യുന്ന 51 ഓർഡിനറി ബസുകളിൽനിന്ന് 6,04,557 രൂപ കലക്ഷൻ ഇനത്തിൽ നേടി. 33,621 പേർ ഓർഡിനറി ബസിൽ യാത്ര ചെയ്തപ്പോൾ, പ്രിയദർശിനി ഫ്രീ ടിക്കറ്റ് (പി.എഫ്.ടി ) ഉപയോഗപ്പെടുത്തിയത് 15,989 സ്ത്രീകളാണ്. ഇതിൽ സ്ത്രീ യാത്രക്കാർക്കായി സൗജന്യ ഇനത്തിൽ ടിക്കറ്റ് നൽകിയതിന്റെ മൂല്യം (ആക്ച്വൽ ഫെയർ ) 2,70,699 രൂപ വരും. സീറോ ടിക്കറ്റ് ആണ് യാത്രക്കാർക്ക് നൽകുന്നതെങ്കിലും, ഓരോ യാത്രക്കാരും സഞ്ചരിക്കുന്ന ദൂരം അനുസരിച്ചുള്ള യാത്രക്കൂലി ടിക്കറ്റ് മെഷീനിൽ രേഖപ്പെടുത്തും.


