15 വയസുകാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രിയരഞ്ജന്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ 15 വയസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി പ്രിയരഞ്ജന്റെ ശിക്ഷ സുപ്രിംകോടതി മരവിപ്പിച്ചു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ശിക്ഷയാണ് മരവിപ്പിച്ചത്. പ്രിയരഞ്ജന് കോടതി ജാമ്യം അനുവദിച്ചു. ആദിശേഖറിനെ കൊല്ലാൻ പ്രതിക്ക് ഉദ്ദേശ്യമില്ലായിരുന്നു എന്ന് ശിക്ഷാവിധിയിൽ നിരീക്ഷിച്ചത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പ്രസന്ന ബി. വരാലെ എന്നിവരുടെ ബെഞ്ച് ശിക്ഷ മരവിപ്പിച്ചത്.

 

പ്രിയരഞ്ജൻ ക്ഷേത്രമതിലിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിന് പത്താം ക്ലാസ് വിദ്യാർഥിയായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. ശിക്ഷ റദ്ദാക്കണമെന്ന പ്രിയരഞ്ജന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ് പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയുമാണ് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.

 

പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തിൽ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കൾക്കു മുന്നിൽ വച്ചാണ് പ്രിയരഞ്ജൻ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിർത്താതെ ഓടിച്ചു പോവുകയായിരുന്നു.

അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാൻ കാരണമായത്. സംഭവത്തിനു ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കാട്ടാക്കട സ്റ്റേഷൻ ഹൗസ് ഓഫിസർ ഡി.ഷിബുകുമാറിന്റെ നേതൃത്വത്തിലാണ് കന്യാകുമാരി കുഴിത്തുറയിൽനിന്ന് അറസ്റ്റ് ചെയ്തത്.

 

ഭാര്യ വിദേശത്ത് ജോലി ചെയ്യുകയാണെന്നും അവരുമായി ഫോണിൽ സംസാരിച്ചുകൊണ്ട് കാർ മുന്നോട്ടെടുത്തപ്പോൾ സൈക്കിളിൽ ഇടിച്ചതാണെന്നും ആണ് പ്രിയരഞ്ജന്റെ വാദം. പുതിയ ഇലക്ട്രിക് കാറായിരുന്നതിനാൽ പരിചയക്കുറവുമുണ്ടായിരുന്നു. തനിക്കെതിരെ കൊലപാതകക്കുറ്റം നിലനിൽക്കില്ലെന്നും ഹരജിയിൽ വാദിച്ചിരുന്നു._


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *