‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ;  യുഎസ് സ്ഥാനപതി  

ശ്രീനഗർ : ജമ്മു കാശ്മീർ ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി അമേരിക്കൻ സ്ഥാനപതി സെർജിയോ ഗോർ. ഔദ്യോഗിക സന്ദർശനത്തിനായി ശ്രീനഗറിലെത്തിയ അദ്ദേഹം ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയുമായി നടത്തിയ ഉന്നതതല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ നിർണ്ണായക പ്രതികരണം നടത്തിയത്.

 

മേഖലയിലെ ഭീകരവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും മുൻനിർത്തി അമേരിക്കൻ പൗരന്മാർക്ക് നിലവിലുള്ള ലെവൽ-4 ‘യാത്രാ വിലക്ക്’ പുനഃപരിശോധിക്കുമെന്ന ശക്തമായ സൂചനയും അദ്ദേഹം നൽകി. വാഷിംഗ്ടണിന്റെ നിലപാടിൽ ഉണ്ടാകുന്ന ഈ മാറ്റം മേഖലയിലെ ടൂറിസം വികസനത്തിനും സാമ്പത്തിക ഉത്തേജനത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

​കാശ്മീരിലെ സുരക്ഷയും സമാധാന അന്തരീക്ഷവും വീണ്ടെടുക്കാൻ കേന്ദ്ര സർക്കാരും മുഖ്യമന്ത്രി ഉമർ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള പ്രാദേശിക ഭരണകൂടവും കൈക്കൊണ്ട വിപ്ലവകരമായ നടപടികളെ യു.എസ് സ്ഥാനപതി പ്രശംസിച്ചു. വിനോദസഞ്ചാരികൾക്ക് തികച്ചും സുരക്ഷിതമായ അന്തരീക്ഷമാണ് ഇപ്പോൾ പ്രദേശത്തുള്ളതെന്നും, മനോഹരമായ കാശ്മീരിന്റെ ഭംഗിയും വികസന സാധ്യതകളും നേരിട്ടറിയാൻ നിരവധിയാളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള കടുപ്പമേറിയ യാത്രാവിലക്ക് നീക്കുന്നതും ലഘൂകരിക്കുന്നതും സംബന്ധിച്ച നിർദ്ദേശങ്ങൾ വാഷിംഗ്ടണിലെയും ന്യൂഡൽഹിയിലെയും ഉയർന്ന തലങ്ങളിൽ ചർച്ച ചെയ്യുമെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

 

നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഒരു അമേരിക്കൻ സ്ഥാനപതി ജമ്മു കാശ്മീർ മുഖ്യമന്ത്രിയുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുന്നത്. കാശ്മീരിലെ ആയിരക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗമായ ടൂറിസം മേഖലയ്ക്ക് നിലവിലെ യു.എസ് യാത്രാവിലക്ക് വലിയ തടസ്സമാണെന്നും അത് പിൻവലിക്കണമെന്നും മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും ആവശ്യപ്പെട്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി, തങ്ങളുടെ പ്രാദേശിക പ്രശ്നങ്ങൾ വിദേശ രാജ്യങ്ങൾക്ക് മുന്നിൽ അനാവശ്യമായി പരാതിപ്പെടില്ലെന്നും പരിഹാരം കാണേണ്ടത് ന്യൂഡൽഹിയാണെന്നും ഒമർ അബ്ദുള്ള വ്യക്തമാക്കിയിരുന്നുവെങ്കിലും, അമേരിക്കയുമായുള്ള പുതിയ സാമ്പത്തിക-നയതന്ത്ര സഹകരണം മേഖലയ്ക്ക് പുതിയ പ്രതീക്ഷ നൽകുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!