കൽപ്പറ്റ: വയനാടിന്റെ പരമ്പരാഗത കാർഷിക സംസ്കൃതിയുടെയും ഗോത്ര പാരമ്പര്യത്തിന്റെയും പ്രതീകമായ കമ്പളനാട്ടി ഉത്സവം കൽപ്പറ്റ മണിയങ്കോട് കോക്കുഴി വയലിൽ വെച്ച് നാടിന്റെ വലിയൊരു ഉത്സവമായി ആഘോഷിച്ചു. വയനാടിന്റെ നെൽകൃഷിയോട് അനുബന്ധിച്ച് ഗോത്രവർഗ്ഗ സമൂഹം കാലങ്ങളായി വിവിധ ചടങ്ങുകളോടെ നടത്തിവരുന്ന ആചാരമാണിത്.
ഒയിസ്ക കൽപ്പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തിൽ കൃഷി വകുപ്പ്, പൊന്നട എസ്റ്റേറ്റ്, വിംസ് മൂപ്പൻസ് നഴ്‌സിങ് കോളേജ്, പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി വി.എച്ച്.എസ്.എസ്, മുണ്ടേരി വി.എച്ച്.എസ്.എസ്, കൽപ്പറ്റ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂൾ, കോക്കുഴി പാടശേഖര സമിതി എന്നിവരുടെ സഹകരണത്തോടെ നടത്തിയ ഉത്സവം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തുടി, ചീനി എന്നിവയുടെയും നാടൻ പാട്ടുകളുടെയും അകമ്പടിയോടെയാണ് ഗോത്രസമൂഹത്തിന്റെ ഞാറുനടൽ ചടങ്ങുകൾ നടന്നത്. വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് കാർഷിക തനിമയുടെ ഈ ഉത്സവത്തിൽ ആറ്റവും പാട്ടുമായി പങ്കാളികളായത്.
ഒയിസ്ക കൽപ്പറ്റ പ്രസിഡന്റ് അഡ്വ. എസ്. എ. നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സി. രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. അരുൺദേവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സലാം നീലിക്കണ്ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നിതിൻ, രനീഷ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഈശ്വര പ്രസാദ്, അസിസ്റ്റന്റ് ഡയറക്ടർ ഷഫീക്ക്, കൃഷി ഓഫീസർമാരായ ബിപിൻ, അതുൽ ജേക്കബ്, വിംസ് മൂപ്പൻസ് നഴ്‌സിങ് കോളേജ് പ്രിൻസിപ്പൽ ലിഡാ ആന്റണി, പത്മപ്രഭാ ഗ്രന്ഥാലയം പ്രസിഡന്റ് ടി. വി. രവീന്ദ്രൻ, വയൽ ഉടമ പൊന്നട അസീസ്,കോർഡിനേറ്റർ റഷീദ്, ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ എന്നിവർ സംസാരിച്ചു. ഒയിസ്ക ചീഫ് പ്രോഗ്രാം കൺവീനർ ലവ്ലി അഗസ്റ്റിൻ സ്വാഗതവും എൽദോ ഫിലിപ്പ് നന്ദിയുംരേഖപ്പെടുത്തി.
