പാലക്കാട് : അട്ടപ്പാടിയില്‍ ഭവാനിപ്പുഴയോരം കാണാനെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം.കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണ്ണാര്‍ക്കാട് സ്വദേശി ബുഷാറ (52) മരണപ്പെട്ടു. വനപാലകരുടെ സുരക്ഷാ മുന്നറിയിപ്പുകള്‍ അവഗണിച്ച് ആനയെ കാണാനായി ആളുകള്‍ പുഴയില്‍ തന്നെ തുടര്‍ന്നതാണ് ദാരുണമായ ദുരന്തത്തിലേക്ക് വഴിവെച്ചത്.
തേക്കുവട്ട ഭാഗത്ത് ഭവാനിപ്പുഴയില്‍ ഇറങ്ങി വിനോദത്തില്‍ ഏര്‍പ്പെടുകയായിരുന്നു വിനോദസഞ്ചാരികളുടെ സംഘം. ഈ സമയം പ്രദേശത്ത് കാട്ടാനയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ട വനപാലകര്‍ സഞ്ചാരികള്‍ക്ക് ഉടന്‍ തന്നെ അപായ മുന്നറിയിപ്പ് നല്‍കുകയും പുഴയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ മുന്നറിയിപ്പ് ഗൗനിക്കാതെ, കാട്ടാനയെ കാണാനും ദൃശ്യങ്ങള്‍ പകര്‍ത്താനുമായി പുഴയില്‍ തന്നെ തുടരാന്‍ സഞ്ചാരികള്‍ സാഹസം കാട്ടുകയായിരുന്നു.
തുടര്‍ന്ന് അപ്രതീക്ഷിതമായി പുഴയിലേക്ക് പാഞ്ഞടുത്ത കാട്ടാന ബുഷാറ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തില്‍ ബുഷാറയുടെ കൈവിരല്‍ അറ്റുപോവുകയും ശരീരത്തിലുടനീളം ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ വനപാലകരും ഒപ്പമുണ്ടായിരുന്നവരും ചേര്‍ന്ന് ഇവരെ താവളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
