ബത്തേരി:കാലവർഷം പിന്നിട്ട് തുലാവർഷത്തിലേക്ക് കടക്കുമ്പോൾ ജില്ലയെ വരൾച്ചാ ഭീതിയിലാക്കി 53 ശതമാനം മഴക്കുറവ് ജൂൺ മുതൽ സെപ്തംബർ വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ കണക്ക് പ്രകാരം ജില്ലയിൽ ലഭിച്ചത് 1149.9 മില്ലീമീറ്റർ മഴമാത്രം. 2464.5 മില്ലീമീറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ പകുതിയിൽ താഴെ മഴ മാത്രമാണുണ്ടായത്. കാലവർഷത്തിൽ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന മഴക്കുറവുണ്ടായതും ജില്ലയിലാണ്. വയനാട് കഴിഞ്ഞാൽ ഇടുക്കിയിലാണ് ഉയർന്ന മഴക്കുറവ്-45 ശതമാനം.
മഴയിൽ ഗണ്യമായ കുറവുണ്ടായതോടെ വിളനാശവും ഉൽപ്പാദന കുറവുമുണ്ടാകുമെന്ന ആശങ്കയാണെങ്ങും. മൂന്നുമാസത്തോളം നീളുന്ന തുലാവർഷത്തിലാണിനി പ്രതീക്ഷ. രാവിലെ കനത്ത വെയിലായിരിക്കുമെങ്കിലും ഉച്ചയ്ക്കുശേഷം മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ ഉൾപ്പെടെയുള്ളവർ. വയനാടിന്റെ തനത് നെൽവിത്തിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവ കൃഷിയിറക്കേണ്ട സമയത്ത് വയലുകൾ വറ്റിയതിനാൽ കൃത്യമായി കൃഷിയാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഓണം പിന്നിട്ടശേഷമാണ് ഭൂരിഭാഗം കർഷകർക്കും നെൽകൃഷി ആരംഭിക്കാനായത്. നെൽകൃഷി വൈകി ആരംഭിച്ചതും കാലാവസ്ഥാ വ്യതിയാനവും ഉൽപ്പാദനത്തിൽ പ്രതിസന്ധിയുണ്ടാക്കാൻ സാധ്യതയുണ്ട്.
ജൂണിലും ജൂലൈയിലും ആവശ്യത്തിന് മഴ കിട്ടാത്തതിനാൽ കുരുമുളക് കൃഷിയും പ്രതിസന്ധി യിലായി. മഴയില്ലാത്തത് കാപ്പിയുടെ അളവും ഗുണമേന്മയും കുറയ്ക്കുമെന്ന ആശങ്കയുമുണ്ട്. കിഴങ്ങ് വർഗ്ഗങ്ങൾ കൃത്യസമയത്ത് നടാൻ കഴിയാത്തതും, നട്ടവയ്ക്ക് ആവശ്യത്തിന് ഈർപ്പം ലഭിക്കാത്തതും കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.സാധാരണയായി തെക്കുപടിഞ്ഞാറൻ മൺസൂൺ കാലത്ത് മികച്ച വിളവ് തരുന്ന ഇത്തരം കൃഷികൾ, മഴയുടെ കുറവ് മൂലം കരിഞ്ഞുണങ്ങുന്ന അവസ്ഥയിലാണ്.
