നീലഗിരി കൂനൂരിൽ കാറിന് മുകളിലേക്ക് പാറക്കല്ല് വീണ് മുൻ വ്യോമസേനാ ഉദ്യോഗസ്ഥന് ദാരുണാന്ത്യം: 2 പേർക്ക് പരിക്ക്

നീലഗിരി :കുന്നൂർ-മേട്ടുപ്പാളയം ചുരം റോഡിൽ ബർലിയാറിന് സമീപം ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് റിട്ടയേർഡ് വ്യോമസേനാ ഉദ്യോഗസ്ഥൻ മരിച്ചു. ഊട്ടിക്ക് സമീപമുള്ള ജഗതള സ്വദേശി ബി. കൃഷ്ണമൂർത്തി (64) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ കെ. ദേവകി (60), ബന്ധു ചിന്താമണി (68) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.

 

ബുധനാഴ്ച രാവിലെ 9.15-ഓടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നീലഗിരി മേഖലയിൽ പെയ്യുന്ന കനത്ത മഴയെ തുടർന്ന് മലയിടിച്ചിൽ ഭീഷണിയുള്ള ബർലിയാറിൽ നിന്ന് പാറക്കല്ല് തെന്നിനീങ്ങി താഴേക്ക് പതിക്കുകയായിരുന്നു. മേട്ടുപ്പാളയത്തേക്ക് കുടുംബസമേതം സഞ്ചരിക്കുകയായിരുന്ന കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന കൃഷ്ണമൂർത്തിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.ഉടൻ തന്നെ മേട്ടുപ്പാളയം ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

വാഹനം ഓടിച്ചിരുന്ന മകൻ കാർത്തിക് (30), മറ്റൊരു ബന്ധു ഇന്ദിര (61) എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പരിക്കേറ്റ ദേവകിയെയും ചിന്താമണിയെയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മേട്ടുപ്പാളയം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!