കൽപ്പറ്റ: ‘മെട്രോമാൻ’ ഇ. ശ്രീധരൻ മുന്നോട്ടുവെച്ച സുൽത്താൻബത്തേരി – കോഴിക്കോട് 20 കിലോമീറ്റർ ഇരുപതിനായിരം കോടി രൂപയുടെ അതിവേഗ ഇരട്ടതുരങ്ക തീവണ്ടിപ്പാതാ പദ്ധതി തികച്ചും പരിസ്ഥിതി വിരുദ്ധവും ജനവിരുദ്ധവുമാണെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു
കേരളം പൊതു സമൂഹവും ജനങ്ങളും തള്ളിക്കളഞ്ഞ കെ. റെയിൽ (K-Rail) പദ്ധതി, പിൻവാതിലിലൂടെ വീണ്ടും നടപ്പാക്കാനുള്ള ഭരണവർഗത്തിന്റെ ആസൂത്രിത നീക്കമാണ് മിസ്റ്റർ ശ്രീധരൻ ഇപ്പോൾ നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. മേപ്പാടിയിലെ പുത്തുമല, കള്ളാടി പോലെ അതീവ പാരിസ്ഥിതിക ലോലമായ റെഡ് സോൺ ആണെന്ന് പ്രൊഫസർ മാധവ് ഗാഡ്ഗിൽ മുൻകൂട്ടി ചൂണ്ടിക്കാണിച്ച താമരശ്ശേരി ചുരത്തിൽ തുരങ്കം നിർമ്മിക്കുന്നത് വയനാട്ടിൽ വൻ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിളിച്ചു വരുത്തുമെന്നതിൽ യാതൊരു സംശയവുമില്ല. കാലാവസ്ഥാവ്യതിയാനങ്ങളുടെ തീവ്രതയും ഉരുൾപൊട്ടൽ ഭീഷണിയും വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, പ്രത്യേകിച്ച് പശ്ചിമഘട്ട മേഖലയിൽ ഇത്തരം വലിയ തോതിലുള്ള വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ഒട്ടും അനുവദിക്കാവുന്നതല്ല. ഇക്കാര്യത്തിൽ ഇ. ശ്രീധരന്റെ അഭിപ്രായമല്ല, അന്തർദേശീയ പ്രശസ്തനായ പരിസ്ഥിതി വിദഗ്ധൻ മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ടാണ് സർക്കാർ ഗൗരവമായി അംഗീകരിക്കേണ്ടതെന്നും സമിതി വ്യക്തമാക്കി.
വയനാട്ടിലെ രൂക്ഷമായ യാത്രാപ്രശ്നം പരിഹരിക്കുന്നതിനുള്ള യഥാർത്ഥ മാർഗം, ഇവിടുത്തെ അഞ്ച് ചുരങ്ങളും സുരക്ഷിതമായി ഗതാഗതയോഗ്യമാക്കുക എന്നതാണ്. നിലവിലുള്ള ചുരങ്ങൾക്ക് ഒരു ലൈൻ കൂടി കിട്ടത്തക്കവിധം അൽപ്പം വീതികൂട്ടി ശാസ്ത്രീയമായി നവീകരിക്കുകയാണ് വേണ്ടത്. കോഴിക്കോട് – കൊല്ലഗൽ ദേശീയപാത നാലുവരിപ്പാതയാക്കി മാറ്റേണ്ടത് അടിയന്തരമായി ചെയ്യേണ്ട കാര്യമാണ്. “ചുരത്തിൽ തുരങ്ക മുണ്ടാക്കാനുള്ള ആധുനിക സാങ്കേതിക വിദ്യയുള്ളവർക്ക് ചുരം വീതി കൂട്ടാനുള്ള വിദ്യ അറിയില്ലെന്ന് പറയുന്നത് തികച്ചും പരിഹാസ്യമാണ്.”
അടിയന്തര പ്രാധാന്യമുള്ള വയനാട്ടിലെ യാത്രാ പ്രശ്നത്തിന്, ഒരു ദശാബ്ദം കൊണ്ട് പോലും പണിതീരാൻ സാധ്യതയില്ലാത്ത തുരങ്ക പാതയും അതിവേഗ റെയിൽപാതയും പണം തിന്നുന്ന ആകാശ – പാതാള പാതകളും യാതൊരു കാരണവശാലും പരിഹാരമാകില്ല. ഇന്ത്യയിലെ ഏറ്റവും ദരിദ്രമായ 100 ജില്ലകളിൽ ഒന്നായ വയനാട്ടിലെ ജനസംഖ്യയിൽ 28% ആദിവാസികളാണ്. അവരുടെ യഥാർത്ഥ ഉന്നമനത്തിന് ഇവിടെ ബാക്കിയുള്ള വയലുകൾ കൂടി നികത്തി വിമാനത്താവളം അല്ല ആവശ്യം, മറിച്ച് വയനാട്ടിൽ ജനങ്ങൾക്ക് വേഗത്തിൽ എത്തിപ്പെടാൻ പാകത്തിൽ സൗജന്യമായി കിട്ടിയ സ്ഥലത്തുതന്നെ ഒരു സമ്പൂർണ്ണ മെഡിക്കൽ കോളജ് ഉടൻ യാഥാർത്ഥ്യമാക്കാനുള്ള സൗമനസ്യമാണ് സർക്കാർ കാണിക്കേണ്ടത്.
അതുകൊണ്ട് ഇത്തരം ജനവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ പണകേന്ദ്രിത ധനദുർവ്യയ ആകാശ – പാതാള പാത പദ്ധതികളെ പശ്ചിമഘട്ട സംരക്ഷണ സമിതി ശക്തിയുക്തം എതിർക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പി.ജി. മോഹൻദാസ് അധ്യക്ഷനായ യോഗത്തിൽ വർഗീസ് വട്ടേകാട്, കെ.വി. പ്രകാശ്, അഡ്വ. സുനിൽ ജോസഫ്, രാജു ജോസഫ്, പി.എം. ജോർജ്, കൃഷ്ണൻകുട്ടി മൊബേൽ, ഇസ്മയിൽ എ.സി., മാത്യൂസ് എന്നിവർ സംസാരിച്ചു. ബഷീർ ആനന്ദ് ജോൺ സ്വാഗതവും എം.കെ. ഷിബു നന്ദിയും പറഞ്ഞു.
