ഡൽഹി:അതിർത്തി കടന്നുള്ള ഭീകരവാദവും ഇന്ത്യക്കെതിരെയുള്ള പ്രകോപനങ്ങളും പാകിസ്താൻ ഇനിയും തുടരുകയാണെങ്കിൽ രാജ്യം നേരിടേണ്ടി വരിക വൻ നാശമായിരിക്കുമെന്ന കനത്ത മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നയം മാറ്റാൻ പാകിസ്താൻ തയ്യാറായില്ലെങ്കിൽ, അവർ ഇനി ലോകത്തിന്റെ ഭൂപടത്തിൽ (Geography) തുടരണോ അതോ വെറും ചരിത്രമായി (History) മാറണോ എന്ന് അവർ തന്നെ തീരുമാനിക്കട്ടെയെന്ന അതീവ ഗൗരവമുള്ള സൈനിക സന്ദേശമാണ് കരസേനാ മേധാവി നൽകിയിരിക്കുന്നത്.
ഡൽഹിയിലെ മനേക്ഷാ സെന്ററിൽ നടന്ന ‘യൂണിഫോം അൺവെയ്‌ൽഡ്’ എന്ന സംവേദനാത്മക ചടങ്ങിൽ സംസാരിക്കവെയാണ് പാകിസ്താന്റെ ഭീകരവാദ അജണ്ടകൾക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചത്. ഇന്ത്യക്കെതിരെയുള്ള ഏതൊരു നീക്കത്തിനും ഇന്ത്യൻ സായുധ സേന നൽകാൻ പോകുന്ന മറുപടി അതിശക്തമായിരിക്കുമെന്ന വ്യക്തമായ സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിലുള്ളത്.

