എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്ക്കരണം: ജില്ലാതല മാരത്തോൺ സംഘടിപ്പിച്ചു

കോളേജ് വിദ്യാർത്ഥികൾക്കിടയിൽ എച്ച്.ഐ.വി എയ്ഡ്‌സ് ബോധവത്കരണം ലക്ഷ്യമിട്ട് സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും ആരോഗ്യ വകുപ്പും എൻ.എസ്.എസ് യുവ ജാഗരണും ചേർന്ന് ജില്ലാതല മാരത്തോൺ മത്സരം സംഘടിപ്പിച്ചു. എ.ഡി.എം കെ. അജീഷ് ഫ്ലാഗ് ഓഫ് ചെയ്തു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ട് വിഭാഗങ്ങളിലായി സിവിൽ സ്റ്റേഷൻ മുതൽ മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജ് വരെ സംഘടിപ്പിച്ച മാരത്തോണിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികള്‍ പങ്കെടുത്തു.

 

പെൺകുട്ടികളുടെ വിഭാഗത്തിൽ കൽപറ്റ എൻ.എം.എസ്.എം ഗവ. കോളേജിലെ നിവേദിത സജി ഒന്നാം സ്ഥാനവും പി ജോമോൾ രണ്ടാം സ്ഥാനവും വിംസ് നഴ്‌സിങ് കോളേജിലെ സൗദാബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജിലെ കെ ആഷിൽ ഒന്നാം സ്ഥാനവും പി.പി മുഹമ്മദ് സഫ്‌വാൻ രണ്ടാം സ്ഥാനവും മുഹമ്മദ് ഷിയാസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുട്ടിൽ ഡബ്ള്യു.എം.ഒ കോളേജിൽ നടന്ന സമാപന പരിപാടി ഡെപ്യുട്ടി എകസൈസ് കമ്മീഷ്ണർ കെ സതീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു.

 

കോളേജ് പ്രിൻസിപ്പൽ ഡോ. ഹേമലത അധ്യക്ഷയായി. വിമുക്തി മിഷൻ മാനേജർ സജിത്ത് ചന്ദ്രൻ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വി.ആർ ഷീജ എന്നിവർ മാരത്തോൺ വിജയികൾക്ക് സമ്മാനങ്ങളും ക്യാഷ് പ്രൈസും വിതരണം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 5000, 4000, 3000 രൂപ ക്യാഷ് അവാർഡുകളും പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകളുമാണ് നല്‍കിയത്. ആദ്യ സ്ഥാനക്കാർ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.

 

ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. പ്രിയ സേനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ കെ.എം മുസ്തഫ, ഡെപ്യുട്ടി ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, എൻ.എസ്.എസ് യുവ ജാഗരൺ നോഡൽ ഓഫീസർ വിനീത, എൻ.എസ്.എസ് കോർഡിനേറ്റർമാരായ കെ.ടി സ്‌മിനിമോൾ, രഞ്ജിത്ത്, ഡോ. ഷിബിന, ടി.ബി എച്ച്.ഐ.വി കോ ഓർഡിനേറ്റർ വി.ജെ ജോൺസൺ, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് സലിം ബാബു എന്നിവർ സംസാരിച്ചു. മാനന്തവാടി ടി.ബി സെന്ററിലെ ആരോഗ്യ പ്രവർത്തകരും വിവിധ കോളേജുകളിൽ നിന്നുള്ള എൻ.എസ്.എസ് വളണ്ടിയർമാരും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!