കാക്കനാട്: കാര്‍ഷിക മേഖലയെ ആധുനികവല്‍ക്കരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് സംസ്ഥാന കൃഷിവകുപ്പിന്റെ ലക്ഷ്യമെന്ന് കൃഷിവകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ കാക്കനാട്ട് നിര്‍മ്മിച്ച സംയോജിത പാക്ക് ഹൗസ് നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് വിളവെടുപ്പിന് മുമ്പും ശേഷവും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംയോജിത പാക്ക് ഹൗസ് സജ്ജമാക്കിയതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവര്‍ധന, കോള്‍ഡ് സ്റ്റോറേജ്, കയറ്റുമതി വിപണിയുമായി ബന്ധിപ്പിക്കല്‍ തുടങ്ങിയ മേഖലകളില്‍ കര്‍ഷകര്‍ക്ക് ആവശ്യമായ പിന്തുണ ഉറപ്പാക്കുക എന്ന ദീര്‍ഘവീക്ഷണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. കര്‍ഷകരെ സംരക്ഷിച്ചും അവരോട് ചേര്‍ന്നുനിന്നും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വിപണിയും ന്യായമായ വിലയും ഉറപ്പാക്കുന്നതിന് ആധുനിക സംഭരണ, ഗ്രേഡിംഗ്, പാക്കേജിംഗ്, മൂല്യവര്‍ധന, കയറ്റുമതി സൗകര്യങ്ങള്‍ അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വിളവെടുപ്പ് കാലത്തെ വിലത്തകര്‍ച്ച ഒഴിവാക്കുന്നതില്‍ കോള്‍ഡ് ചെയിന്‍ സംവിധാനങ്ങള്‍ക്കും ആധുനിക പാക്കേജിംഗ് സൗകര്യങ്ങള്‍ക്കും നിര്‍ണായക പങ്കുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനും പ്രധാന വിപണന കേന്ദ്രങ്ങള്‍ക്കും സമീപം പ്രവര്‍ത്തിക്കുന്ന സംയോജിത പാക്ക് ഹൗസ് ജില്ലയിലെ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനകരമാകുമെന്നും ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി വിപണന സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുകയും അവരില്‍ കാര്‍ഷിക അവബോധം സൃഷ്ടിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ സ്കൂളുകളില്‍ കതിര് ക്ലബ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. കാര്‍ഷിക വൃത്തിയില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും ഇത്തരത്തില്‍ ഗ്രേസ് മാര്‍ക്ക് നല്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അറിയിച്ചു. കര്‍ഷകര്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. വിളനാശ നഷ്ടപരിഹാര വിതരണം, വന്യജീവി ശല്യ പ്രതിരോധം, മൂല്യവര്‍ധിത ഉല്‍പ്പന്ന വികസനം, എക്സോട്ടിക് ഫലവിള കൃഷി പ്രോത്സാഹനം തുടങ്ങിയ മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പാക്കിവരുന്നു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് വിളനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് നിലവില്‍ ലഭിക്കുന്ന നഷ്ടപരിഹാരത്തിന്റെ ഇരട്ടി തുക ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി മന്ത്രി അറിയിച്ചു.
തൃക്കാക്കര എംഎല്‍എ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സുരക്ഷിതമായും ഗുണമേന്മയോടെയും ഉപഭോക്താക്കളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പാക്ക് ഹൗസ് ഒരുക്കിയതെന്ന് എംഎല്‍എ പറഞ്ഞു. പച്ചക്കറികളിലെ കീടനാശിനി സാന്നിധ്യം കുറച്ച് സുരക്ഷിത ഭക്ഷണം ജനങ്ങളിലെത്തിക്കുന്നതിനായി ഓസോണ്‍ വാഷ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത് അഭിനന്ദനാര്‍ഹമാണെന്നും അവര്‍ പറഞ്ഞു.ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ മൂല്യവര്‍ധന ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. വനിതാ കാര്‍ഷിക വര്‍ഷത്തിന്റെ ഭാഗമായി കാര്‍ഷിക മേഖലയിലേക്ക് സ്ത്രീകളുടെ കൂടുതല്‍ പങ്കാളിത്തം ഉണ്ടാകണമെന്നും ഉമാ തോമസ് എംഎല്‍എ പ്രത്യാശ പ്രകടിപ്പിച്ചു.
സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന് ഡയറക്ടര്‍ ആശ എസ്. പദ്ധതി വിശദീകരിച്ചു. കെഎല്‍ഡിസി മാനേജിംഗ് ഡയറക്ടര്‍ ബീന ലളിത സാങ്കേതിക അവതരണം നടത്തി. മുനിസിപ്പല്‍ ചെയര്മാന് റാഷിദ് ഉള്ളംപിള്ളി, ഹോര്‍ട്ടികോര്‍പ് മാനേജിങ് ഡയറക്ടര്‍ സിന്ധു എസ്., ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. ക്ലീറ്റസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റ ജേക്കബ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഷൈജോ പറമ്പി, നഗരസഭ ചെയര്‍പേഴ്സണ്‍ ഷെറീന ഷുക്കൂര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എം. എസ്. അനില്‍കുമാര്‍, ജില്ലാ കൃഷി ഓഫീസര്‍ സഞ്ജു സൂസന് മാത്യു, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഇന്ദു പി. നായര്‍, ഹോര്‍ട്ടികോര്‍പ് റീജണല്‍ മാനേജര്‍ ജിതേഷ് സി. വി. എന്നിവര്‍ സംസാരിച്ചു.
