കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അപകടകരമായ മത്സരയോട്ടത്തിനും സമയത്തിന്റെ പേരിലുള്ള തർക്കങ്ങൾക്കും അറുതി വരുത്താൻ നിർണ്ണായക നീക്കവുമായി മോട്ടോർ വാഹനവകുപ്പ് (MVD). കൊച്ചിയിലെ സ്വകാര്യ ബസുകളുടെ സമയക്രമം (ടൈം ടേബിൾ) പൂർണ്ണമായും ശാസ്ത്രീയമായി പരിഷ്കരിക്കാനാണ് തീരുമാനം.
റോഡിലെ ഗതാഗതക്കുരുക്കും തിരക്കുള്ള സമയങ്ങളും (പീക്ക് അവേഴ്‌സ്) കൃത്യമായി പരിഗണിച്ച് ബസുകളുടെ റണ്ണിങ് ടൈം (യാത്രാസമയം) പുനഃക്രമീകരിക്കും. ഹൈക്കോടതിയുടെ കർശന നിർദ്ദേശങ്ങൾക്കും പൊതുജനങ്ങളുടെ വ്യാപക പരാതികൾക്കും പിന്നാലെ കൊച്ചിയിൽ മോട്ടോർ വാഹനവകുപ്പ് നടത്തിയ പ്രത്യേക പരിശോധനകളിൽ നൂറുകണക്കിന് നിയമലംഘനങ്ങൾ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ബസുകളുടെ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ സ്ഥിരം പരിഹാരമെന്ന നിലയിൽ സമയക്രമം മാറ്റിയെഴുതുന്നത്.
