ഗുസ്തിയിൽ തങ്കത്തിളക്കവുമായി ഇന്ത്യ ; 65 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ്ണം നേടി സുജീത് കൽക്കൽ

ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 2026 ഏഷ്യൻ ഗെയിംസിൽ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ സുജീത് കൽക്കലിന് സ്വർണം. ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ താജിക്കിസ്ഥാന്റെ കരുത്തനായ താരം അബ്ദുൾമജിദ് കുദിയേവിനെ തകർപ്പൻ തിരിച്ചുവരവിലൂടെ തോൽപ്പിച്ചാണ് സുജീത് ഇന്ത്യയ്ക്കായി സ്വർണ്ണം കൊയ്തത്. തോൽവിയുടെ അരികിൽ നിന്ന് മത്സരത്തിലേക്ക് അവിശ്വസനീയമായി തിരിച്ചെത്തി 10-9 എന്ന പോയിന്റ് നിലയിലാണ് ഇന്ത്യൻ താരം വിജയം പിടിച്ചെടുത്തത്.

 

മത്സരത്തിന്റെ ഭൂരിഭാഗം സമയത്തും 2-9 എന്ന പോയിന്റ് നിലയിൽ പിന്നിലായിരുന്ന സുജീത് അവസാന മിനിറ്റുകളിൽ അതിശക്തമായ ആക്രമണമാണ് പുറത്തെടുത്തത്. പോയിന്റ് വ്യത്യാസം വലുതായിരുന്നിട്ടും പതറാതെ പൊരുതിയ സുജീത് എതിരാളിയെ തുടർച്ചയായി നിലംപരിശാക്കി നിർണ്ണായക പോയിന്റുകൾ നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ താജിക്കിസ്ഥാൻ താരത്തിന്റെ പ്രതിരോധം തകർത്ത് അടിച്ചെടുത്ത പോയിന്റുകളാണ് സുജീതിന് ഈ ചരിത്ര വിജയം സമ്മാനിച്ചത്.

 

സെമിഫൈനലിൽ പാരിസ് ഒളിമ്പിക്‌‌സ് ചാമ്പ്യനായ ജപ്പാന്റെ കൊട്ടാരോ കിയോക്കയെ തോൽപ്പിച്ചാണ് സുജീത് ഫൈനലിലേക്ക് യോഗ്യത നേടിയത്. അഫ്ഗാനിസ്ഥാന്റെ സയ്യിദ് ഒമർ, ഇറാന്റെ അബ്ബാസ് ഇബ്രാഹിം സാദെ എന്നിവരെയും അതിജീവിച്ചാണ് സുജീത് ഈ സ്വപ്നനേട്ടത്തിലെത്തിയത്. ഈ ഗെയിംസിൽ ഗുസ്തിയിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണ്ണ മെഡലാണിത്. സുജീതിന്റെ ഈ തങ്കനേട്ടം ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!