സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും ജനങ്ങൾ അറിയണം ; ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം

തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ ആരോഗ്യ – ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണം.

സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒ.പി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് അടിയന്തരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി കെ.മുരളീധരൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്കാണ് നിർദ്ദേശം നൽകിയത്.

 

ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരുടെ അനുവദിച്ച തസ്തികകളുടെ എണ്ണം, നിലവിലുള്ള ഡോക്ടർ ഒഴിവുകളുടെ എണ്ണം, ഓരോ ഡോക്ടറുടെയും ഒ.പി സമയം, കൺസൾട്ടേഷൻ സമയക്രമം എന്നീ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന രീതിയിൽ സ്ഥാപിക്കണമെന്നും ഇവയിൽ വ്യത്യാസം വരുന്ന മുറയ്ക്ക് കൃത്യമായ ഇടവേളകളിൽ പുതുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സുതാര്യതയും ഉത്തരവാദിത്തവും വർദ്ധിപ്പിക്കുക, ഡോക്ടർമാരുടെ സേവനത്തെക്കുറിച്ച് ജനങ്ങൾക്ക് വ്യക്തമായ ധാരണ നൽകുക എന്നിവയാണ് നടപടിയുടെ ലക്ഷ്യം.

 

കൂടാതെ പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായി ബന്ധപ്പെട്ട ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറെ (വിജിലൻസ്) ബന്ധപ്പെടാനുള്ള വിവരങ്ങളും ആശുപത്രികളിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ഡോക്ടർമാരുടെ കുറവ്, കൃത്യസമയത്ത് ഡോക്ടർമാർ എത്തുന്നില്ല തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസിലാക്കി പൊതുജനങ്ങൾക്ക് പരാതികൾ ബന്ധപ്പെട്ട അധികാരികളെ അറിയിക്കാൻ ഇതിലൂടെ സാധിക്കും. നിർദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും പ്രിൻസിപ്പൽ സെക്രട്ടറിയെ ചുമതലപ്പെടുത്തി. രോഗികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും നിലവിൽ ഇക്കാര്യത്തിൽ വീഴ്ചകളുണ്ടാകുന്ന സാഹചര്യത്തിലുമാണ് ഇത്തരമൊരു നടപടിയെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!