വൈത്തിരി: നിരവധി അബ്കാരി കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളിയെ കാപ്പ (KAAPA) നിയമപ്രകാരം വയനാട് ജില്ലയിൽ നിന്നും നാടുകടത്തി. വൈത്തിരി കുന്നത്തിടവക പന്ത്രണ്ടാംപാലം സ്വദേശിയായ എം.കെ. നിവാസിൽ എം.കെ. ദാസനെയാണ് (48) ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കുന്നതിൽ നിന്നും വിലക്കി നാടുകടത്തിയത്.
കഴിഞ്ഞ ഏഴ് വർഷത്തിനിടെ കൽപ്പറ്റ എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്ത ആറോളം കേസുകളിലും വൈത്തിരി പോലീസ് സ്റ്റേഷനിലെ വിവിധ അബ്കാരി കേസുകളിലും ഇയാൾ പ്രതിയാണ്. പൊതുജന സമാധാനത്തിനും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) സെക്ഷൻ 15(1) പ്രകാരമാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് സമർപ്പിച്ച വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസ് ആണ് നാടുകടത്തൽ ഉത്തരവ് പുറപ്പെടുവിച്ചത്. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ലഹരിക്കടത്തിലും ഏർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് പോലീസ് അറിയിച്ചു.
