വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ സർവേയിൽ 65 കഴുകന്മാരെ കണ്ടെത്തി

ബത്തേരി:വയനാട് വന്യജീവി സങ്കേതത്തിൽ 54 ചുട്ടിക്കഴുകന്മാരും 11 കാതിലക്കഴുകന്മാരും വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ സർവേയിൽ 65 കഴുകന്മാരെ കണ്ടെത്തി. 54 ചുട്ടിക്കഴുകന്മാരെയും 11 കാതില ക്കഴുകന്മാരെയുമാണ് വിദഗ്ധരുടെ നേതൃത്വത്തില്‍ കണ്ടെത്തിയത്. സങ്കേതത്തിലെ പത്ത് നിരീക്ഷണ കേന്ദ്രങ്ങളിലായാണ് സർവേ നടത്തിയത്. കേരള വനംവകുപ്പും വയനാട് വന്യജീവി വിഭാഗവും ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആന്റ് വൈൽഡ് ‌ലൈഫ് ബയോളജിയും ചേർന്നാണ് സർവേ നടത്തിയത്. 42 അംഗ സംഘമാണ് സർവേയിൽ പങ്കെടുത്തത്.

 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പക്ഷി നിരീക്ഷകർ, ഗവേഷകർ, വിദ്യാർത്ഥികൾ, വന്യജീവിസ്നേഹികൾ എന്നിവരടങ്ങുന്ന സംഘത്തെ ഒമ്പത് ഗ്രൂപ്പുകളായി തിരിച്ചാണ് ഒരേസമയം നിരീക്ഷണം നടത്തിയത്. വന്യജീവി സങ്കേതത്തിലെ നാല് റേഞ്ചുകളിലെ ഏഴ് കേന്ദ്രങ്ങളിലായിരുന്നു സർവേ. ബത്തേരി റേഞ്ചിലെ എടക്കൊമ്പം, നല്ലതണ്ണി, മുത്തങ്ങ റേഞ്ചിലെ കാക്കപ്പാടം, മരതകം, കുറിച്യാട് റേഞ്ചിലെ ദൊഡ്ഡകുലശി, തോൽപ്പെട്ടി റേഞ്ചിലെ പുഞ്ചവയൽ, അയ്യപ്പൻപാറ എന്നിവിടങ്ങളിലാണ് നിരീക്ഷണം നടത്തിയത്.

 

കഴുകന്മാരെ ആകാശത്ത് പറക്കുന്നതിനിടെ എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കുന്ന തുറന്നതും ഉയർന്നതുമായ സ്ഥലങ്ങൾക്കാണ് മുൻഗണന നൽകിയത്. കഴുകന്മാരുടെ ഇനം, എണ്ണം, കണ്ട സ്ഥലം, സമയം, പറക്കുന്ന ദിശ, പെരുമാറ്റം എന്നിവയാണ് സർവേയിൽ രേഖപ്പെടുത്തിയത്. രണ്ടുദിവസം നീണ്ട സർവേയിൽ ഒരേ കഴുകനെ പല കേന്ദ്രങ്ങളിൽ നിന്നായി പലതവണ എണ്ണപ്പെടാൻ സാധ്യതയുള്ളതിനാൽ സമയം, ദൂരം, ദിശ, സഞ്ചാരപാത എന്നിവ പരിശോധിച്ചാണ് വിശകലനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത കഴുകന്മാരുടെ എണ്ണം 65 ആയി കണക്കാക്കി.

 

കേരളത്തിൽ കഴുകന്മാർ അവശേഷിക്കുന്ന ഒരേയൊരു ഇടമെന്ന നിലയിൽ വയനാടിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈ സർവേ ഫലം. തൊട്ടടുത്ത വനമേഖലകളുമായുള്ള ബന്ധവും വന്യമൃഗങ്ങളുടെ ജഡങ്ങൾ ഉൾപ്പെടെയുള്ള തീറ്റ ലഭ്യതയുമാണ് ഇവിടെ കഴുകന്മാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ജനസംഖ്യ, സഞ്ചാരം, വിഷബാധ, വൈദ്യുതാഘാതം പോലുള്ള ഭീഷണികൾ എന്നിവ പഠിക്കാൻ നിരന്തര നിരീക്ഷണം ആവശ്യമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!